നാട്ടുകാരുടെ പരാതി; വാഴയൂരിലെ ക്വാറിയും ക്രഷര്‍ യൂനിറ്റും കലക്ടര്‍ സന്ദര്‍ശിച്ചു

നാട്ടുകാരുടെ പരാതി; വാഴയൂരിലെ ക്വാറിയും ക്രഷര്‍ യൂനിറ്റും കലക്ടര്‍ സന്ദര്‍ശിച്ചു

മലപ്പുറം: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാഴയൂരിലെ ക്വാറിയും ക്രഷര്‍ യൂനിറ്റും ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വാഴയൂര്‍ വില്ലേജിലെ മുണ്ടകശേരി പട്ടിക ജാതി കോളനിയിലെ ഹൈ ഗ്രിപ് ക്രഷര്‍ ക്വാറി യൂനിറ്റിലാണ് പരിശോധന നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ നേരത്തെ ഈ യൂനിറ്റിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ചു നടന്ന ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കലക്ടര്‍, റവന്യൂ, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, മൈനിങ് ആന്റ് ജിയോളജി വകുപ്പ് , പോലീസ് പ്രതിനിധികള്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചത്. പ്രദേശത്തെത്തിയ സംഘം സമീപത്തെ വീടുകള്‍, ചീക്കോട് കുടിവെള്ള പദ്ധതിയുടെ ടാങ്ക് തുടങ്ങിയവ സന്ദര്‍ശിച്ചു.
പ്രദേശ വാസികളുടെ പരാതിയെക്കുറിച്ച് വിശദമായി പഠിച്ച് പ്രത്യേക റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കൃഷി വകുപ്പ് പ്രതിനിധികളോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു. പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജിയോളജി വകുപ്പിനെയും ചുമതലപ്പടുത്തി. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കും. അതു വരെ സ്റ്റോപ്പ് മെമ്മോ തുടരും. സംഘത്തില്‍ കൊണ്ടോട്ടി തഹസില്‍ദാര്‍ കെ. ദേവകി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. അബൂബക്കര്‍, വില്ലേജ് ഓഫീസര്‍ ജനീഷ്, താലൂക്ക് ഓഫീസ് ക്ലര്‍ക്ക് രതീഷ്‌കുമാര്‍, ജിയോളജിസ്റ്റ് ഇബ്രാഹിം, വാഴക്കാട് എസ് ഐ എന്നിവരുമുണ്ടായിരുന്നു. നാട്ടുകാര്‍, പരാതിക്കാര്‍, ക്രഷര്‍ തൊഴിലാളികള്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

Sharing is caring!