ഇന്ത്യന്‍ ലൈസന്‍സിന് ഇനി യു.എ.ഇയില്‍ അംഗീകാരം

ഇന്ത്യന്‍ ലൈസന്‍സിന് ഇനി യു.എ.ഇയില്‍ അംഗീകാരം

അബുദാബി: ഇന്ത്യന്‍ ലൈസന്‍സിന് ഇനി യു.എ.ഇയില്‍ അംഗീകാരം. ലൈസന്‍സ് അംഗീകരിക്കാന്‍ ധാരണയായതായി യു.എ.ഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. ഇന്ത്യയില്‍ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയില്‍ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയില്‍ നടന്ന രണ്ടാമത് ഇന്ത്യാ-യു.എ.ഇ സ്ട്രാറ്റജിക് കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാന്‍.

ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകള്‍ തുറന്നിട്ട സമ്മേളനത്തില്‍ എണ്ണ, ഊര്‍ജ മേഖലകളിലടക്കം കൂടുതല്‍ സഹകരണത്തിനും ധാരണയായി. അബുദാബിയിലെ എണ്ണ, ഊര്‍ജ ഉല്‍പാദന മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി സൂചിപ്പിച്ചു. ലോവര്‍ സക്കം എണ്ണപ്പാടത്തില്‍നിന്ന് വര്‍ഷത്തില്‍ 15 ലക്ഷം ടണ്‍ ബാരല്‍ എണ്ണ 40 വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നും പറഞ്ഞു.

റിക്രൂട്മെന്റ് നടപടികള്‍ സുതാര്യമാക്കാന്‍ യു.എ.ഇയുമായി ചേര്‍ന്ന് ഇന്ത്യ സ്‌കില്‍ മാപ്പിങ് പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ സ്ഥാനപതി വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുത്ത് പരിശീലനം നല്‍കി യു.എ.ഇയിലെത്തിക്കും.

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്നിരുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പെടുത്തിയതോടെ അവയെല്ലാം പരിഹരിച്ചതായി ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ യൂസഫലി ചൂണ്ടിക്കാട്ടി. ടൈംസ് സ്ട്രാറ്റജിക് സൊല്യൂഷന്‍സ് പ്രസിഡന്റു ദീപക് ലാംബ, രാജ്യാന്തര നിക്ഷേപക കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ അല്‍ ജര്‍വാന്‍ തുടങ്ങി വിവിധ രംഗങ്ങളിലെ 50ഓളം വിദഗ്ധരും 400ലേറെ വ്യവസായ പ്രമുഖരുംസമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is caring!