നിലമ്പൂരില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ രക്തസാക്ഷി വാര്‍ഷികത്തിന് എട്ടംഗ സായുധ മാവോയിസ്റ്റ് സംഘം നിലമ്പൂരില്‍

നിലമ്പൂര്‍: നിരോധിത തീവ്രവാദ സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെയും അജിതയുടെയും രക്തസാക്ഷി വാര്‍ഷികത്തില്‍ ഇരുവരും വെടിയേറ്റുവീണ കരുളായി ഉള്‍വനത്തിലെ വരയന്‍മലയിലെ ബേസ് ക്യാമ്പില്‍ അനുസ്മരണത്തിന് എട്ടംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് അതീവജാഗ്രതാ നിര്‍ദ്ദേശവുമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട മലപ്പുറത്തെ ജില്ലാ പോലീസ് മേധാവിയെ ശബരിമല സുരക്ഷാഡ്യൂട്ടിക്കയച്ച് സര്‍ക്കാര്‍. വരയന്മലയില് രക്തസാക്ഷി വാര്‍ഷികത്തിന് മാവോയിസ്റ്റ് അനുസ്മരണത്തിനും പ്രത്യാക്രമണത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര ഐ.ബിയും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇന്റലിജന്‍സും സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നറിയിപ്പു നല്‍കിയിരുന്നു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തി പോലീസ് സംഘത്തിലുള്ളവര്‍ക്ക് സുരക്ഷയൊരുക്കണമെന്നും ആക്രമണസാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. മാവോസിസ്റ്റ് സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കമാന്‍ഡര്‍ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വരയന്മലയില് ബേസ് ക്യാമ്പ് തുറന്നതെന്ന് സംസ്ഥാന പോലീസ് ഇന്റലിജന്‍സിനും വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് ക്യൂബ്രാഞ്ച് ഇന്റലിജന്‍സും സംസ്ഥാന പോലീസിന് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2016 നവംബര്‍ 24നാണ് വരയന്‍മലയിലെ ബേസ് ക്യാമ്പില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രത്യാക്രമണ സാധ്യതനിലനില്‍ക്കുന്ന മലപ്പുറത്ത് പക്ഷേ പോലീസിന് നാഥലില്ലാത്ത അവസ്ഥയാണ്. മാവോയിസ്റ്റ് വേട്ടയിടക്കം പ്രത്യേക പരിശീലനം ലഭിച്ച് എസ്.പി പ്രദീഷ്കുമാറിന് ശബരിമലയിലാണ് ഡ്യൂട്ടി. 30 വരെ എസ്.പി ശബരിമലയിലായിരിക്കും.
മാവോയിസ്റ്റ് അക്രമണ സാധ്യതയുള്ള പാലക്കാടിന്റെ ക്രമസമാധാന ചുമതലയുള്ള എസ്.പി ദേബേഷ്കുമാര്‍ ബെഹറക്കാണ് മലപ്പുറത്തിന്റെ ചുമതല.
കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കുമെന്ന് നേരത്തെ മാവോയിസ്റ്റുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. നിലമ്പൂര്‍ കാട്ടില്‍ നിന്നും ഉള്‍വലിഞ്ഞ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ വയനാട്, നിലമ്പൂര്‍, പാലക്കാട് ജില്ലകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ എളുപ്പമെത്താവുന്നതരത്തിലാണ് മാവോയിസ്റ്റുകള്‍ കരുളായി വരയന്‍മലയിലെ ട്രൈ ജംങ്ഷനില്‍ ബേസ് ക്യാമ്പ് തുറന്നത്. കേരളത്തിലെ കാടുകളില്‍ നൂറോളം സായുധ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാകാമെന്ന നിഗമനമാണ് നേരത്തെ തമിഴ്നാട് ക്യൂബ്രാഞ്ച് ഇന്റലിജന്‍സ് നല്‍കിയിരുന്നത്.
സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിക്കു കീഴില്‍ നാടുകാണി, കബനി, ഭവാനി ദളങ്ങളും സജീവമായിയെന്നാണ് വിവരം. വയനാട്ടിലും അട്ടപ്പാടിയിലും മാവോയിസ്റ്റ് സായുധ സംഘങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സെപ്തംബറില്‍ ആന്ധ്രയില്‍ ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും കൊലപ്പെടുത്തി മാവോയിസ്റ്റുകള്‍ സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു.
സെപ്തംബറിലാണ് അരക് മണ്ഡലത്തിലെ എം.എല്‍.എ കിടാവി സര്‍വേശ്വര റാവുവിനെയും മുന്‍ എം.എല്‍.എ ശിവേരി സോമയെയും കൊലപ്പെടുത്തിയത്. ആന്ധ്രക്കുപിന്നാലെ കേരളത്തിലും പ്രത്യാക്രമണ സാധ്യതയുണ്ടെന്ന് അന്നു തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. ഇതുഗൗരവത്തിലെടുക്കാതെയാണ് സര്‍ക്കാര്‍ മലപ്പുറം എസ്.പിയെ ശബരിമല ഡ്യൂട്ടിക്കുവിട്ടത്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]