കരിപ്പൂരില്‍നിന്നുള്ള ജിദ്ദ സര്‍വീസ് പുനരാരംഭിക്കാനായത് വലിയ നേട്ടം: കുഞ്ഞാലിക്കുട്ടി

കരിപ്പൂരില്‍നിന്നുള്ള ജിദ്ദ സര്‍വീസ് പുനരാരംഭിക്കാനായത് വലിയ നേട്ടം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനായത് വലിയ നേട്ടമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. വിമാനത്താവളം പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരികയാണ്. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട നടപടികളും, വിമാനത്താവള വികസനവും ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 29ന് വിമാനത്താവള ഉപദേശക സമിതി യോഗം ചേരുമെന്നും എം പി അറിയിച്ചു.

കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹയുമായി ചര്‍ച്ച നടത്തി. ഉദ്ഘാടനത്തിന് അദ്ദേഹം വരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്കൊപ്പം ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് കൂടി പുനസ്ഥാപിച്ചതോടെ പ്രവാസികള്‍ക്കും, തീര്‍ഥാടകര്‍ക്കും, വ്യാപാര, വ്യവസായ, വാണിജ്യ രംഗത്തുള്ളവര്‍ക്കും വന്‍ നേട്ടമാണ് കൈവരുന്നത്.

മുസ്ലിം ലീഗ് പാര്‍ട്ടിയും, യു ഡി എഫും നടത്തിയ പ്രക്ഷോഭങ്ങളും, കേന്ദ്ര വ്യോമയായ തലത്തില്‍ നടത്തിയ സമ്മര്‍ദവുമാണ് ഫലം കണ്ടിരിക്കുന്നത്. കോഴിക്കോട് എം പി എം കെ രാഘവനും, വിവിധ സംഘടനകളും, കേരളത്തിലെ മറ്റ് എം പിമാരും ഈ ആവശ്യത്തിന് എല്ലാവിധ പിന്തുണയും നല്‍കി. ഇങ്ങനെയൊരു നീക്കത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എമിറേറ്റ്‌സ് അധികൃതരുമായി ഏതാനും ദിവസങ്ങള്‍ മുമ്പ് ദുബായില്‍ നടത്തിയ ചര്‍ച്ചയില്‍ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിരുന്നു. എമിറേറ്റ്‌സ് വിമാനങ്ങള്‍ എത്തുന്നതോടെ ദുബായില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്ഷന്‍ വിമാനങ്ങളും കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് എം പി അറിയിച്ചു.

തിരുവനന്തപുരത്തേക്കും, കൊച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ പുനക്രമീകരിച്ചാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നത്. വി്മാനങ്ങളുടെ കുറവാണ് എയര്‍ ഇന്ത്യക്ക് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തടസം. ഇക്കാര്യത്തില്‍ സമ്മര്‍ദം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!