ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു: കെ.സുധാകരന്‍

ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു: കെ.സുധാകരന്‍

നിലമ്പൂര്‍: സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ ശബരിമലയില്‍ സത്രീപ്രവേശനത്തിന് അനുകൂല വിധി സമ്പാദിച്ചതെന്ന് കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റ് കെ.സുധാകരന്‍. 10 വയസിനുള്ളിലും 50 വയസിനുമുകളിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്ന കാര്യം കോടതിയില്‍ പറഞ്ഞില്ല. പകരം സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നാണ് അറിയിച്ചത്. കോണ്‍ഗ്രസടക്കമുള്ള സംഘടനകളുടെ പുനപരിശോധന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി വിധി ആശാവഹമാണ്. കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. വിശ്വാസസംരക്ഷണ ജാഥക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു. സ്വീകരണ സമ്മേളനം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താല്‍പര്യം കാട്ടാത്ത പിണറായി ജനങ്ങളെ തമ്മിലടിപ്പിച്ച് ആനന്ദിക്കുകയാണെന്ന് ആര്യാടന്‍ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബുമോഹനക്കുറുപ്പ് ആധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, എ.പി.അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, സുമാ ബാലകൃഷ്ണന്‍, വി.എ.കരീം, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, എ.ഗോപിനാഥ്, പത്മിനി ഗോപിനാഥ്, ഡി.സി.സി ഭാരവാഹികള്‍ പ്രസംഗിച്ചു.

Sharing is caring!