പ്രവാസിയുടെ പണംതട്ടിയ അന്‍വര്‍ എം.എല്‍.എ.യെ രക്ഷപെടുത്താന്‍ പോലീസിന്റെ ഒത്താശ

പ്രവാസിയുടെ പണംതട്ടിയ അന്‍വര്‍ എം.എല്‍.എ.യെ  രക്ഷപെടുത്താന്‍  പോലീസിന്റെ ഒത്താശ

മഞ്ചേരി: ക്വാറി വ്യവസായത്തില്‍ പങ്കാളിത്തം നല്കാമെന്ന് വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിയെടുത്തെന്ന കേസില്‍ പി വി അന്‍വര്‍ എം എല്‍ എ യെ രക്ഷപെടുത്താന്‍ മഞ്ചേരി പോലീസിന്റെ ശ്രമം. പി വി അന്‍വറിന്റെ പേരിലുളള ക്രിമിനല്‍കേസ് സിവില്‍കേസാക്കണമെന്നാവശ്യപ്പെട്ടാണ് മഞ്ചേരി സി ജെ എം കോടതിയില്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിവില്‍ സ്വഭാവമുളള കേസായതിനാല്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും ഇതില്‍ പറയുന്നു. പരാതിക്കാരനും പോലീസ് നോട്ടീസ് നല്കിയിട്ടുണ്ട്.
2017 ഡിസംബര്‍ 21 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പി വി അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി സലിം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലുള്ള മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ ക്രഷര്‍ യൂണിറ്റ് നടത്തുന്നുണ്ടെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്ന് സലിമിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. 10ലക്ഷം രൂപ ചെക്കായും 40 ലക്ഷം പണമായും കൈപ്പറ്റിയ ശേഷം ലാഭമോ മുതലോ നല്‍കിയില്ലെന്നും പണം തിരികെ ചോദിച്ചിട്ടും ഫലമുണ്ടായില്ലന്നും പരാതിയിലുണ്ട്.
പരാതിക്ക് ആധാരമായ ബല്‍ത്തങ്ങാടിയിലെ ക്രഷര്‍ യൂണിറ്റില്‍ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ പി വി അന്‍വര്‍ സലീമിനെ വിശ്വസിപ്പിച്ചതു പോലെ ക്രഷര്‍യൂണിറ്റില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.87 ഏക്കറിലുളള ക്രഷറാണ് ബല്‍ത്തങ്ങാടിയിലുള്ളത്. രജിസ്ട്രേഷന്‍ രേഖകളില്‍ ഈ ഭൂമി പി വി അന്‍വര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പോലീസ് ശേഖരിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ ഭൂമിയെ സംബന്ധിച്ച് ആരോപണ വിധേയനായ പി വി അന്‍വര്‍ വിവരം നല്കിയിട്ടില്ല. പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതോടെ അന്‍വര്‍ എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്യണെമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
തുടര്‍ന്ന് പി വി അന്‍വറിന് അനുകൂലമായ രീതിയിലാണ് അന്വേഷണം നടത്തിയതെന്നും കേസില്‍ നടപടി ഇഴഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ നിന്ന് മഞ്ചേരി സി ഐ യെ മാറ്റി ഉയര്‍ന്ന ഉദ്യോഗസ്ഥനെ കേസ് ഏല്പിക്കണമെന്നതടക്കമുളള ആവശ്യങ്ങളാണ് ഉന്നയിച്ചത്.

Sharing is caring!