മലപ്പുറം ജില്ലയില്‍ പ്രകൃതിവിരുദ്ധ പീഡനക്കേസുകള്‍ വര്‍ധിക്കുന്നു

മലപ്പുറം ജില്ലയില്‍ പ്രകൃതിവിരുദ്ധ പീഡനക്കേസുകള്‍ വര്‍ധിക്കുന്നു

മലപ്പുറം: പ്രകൃതി വിരുദ്ധപീഡനക്കേസുകള്‍ മലപ്പുറം ജില്ലയില്‍ വര്‍ധിക്കുന്നു. വിദ്യാര്‍ഥികളായ ആണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്നത്. നിരവധി കേസുകള്‍ കുടുംബത്തിന്റെ സല്‍പേരിന് കളങ്കംവരുമെന്ന് കരുതി ബന്ധുക്കള്‍തന്നെ ഒതുക്കിത്തീര്‍ക്കുന്നതായി പോലീസ് തന്നെ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇത്തരം പീഡനത്തിനിരയാക്കുന്നതെന്നതിനാല്‍ ഇവയെല്ലാം പോക്‌സോ വകുപ്പ് ചേര്‍ത്താണ് പോലീസ് കേസെടുക്കുന്നത്.

കഴിഞ്ഞ ഒരു ദിവസം താനൂരിലും മഞ്ചേരിയിലും രണ്ട് വിദ്യാര്‍ഥികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ രണ്ടു യുവാക്കളെയാണ് മഞ്ചേരി സി ഐ എന്‍ ബി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. മഞ്ചേരി മാര്യാട് സ്വദേശികളായ പൂഴിക്കുത്ത് അബ്ദുറഹ്മാന്‍ (32), പൂളക്കത്തൊടി സൈതലവി (45) എന്നിവരാണ് അറസ്റ്റിലായത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോകുന്ന സമയം പ്രതികള്‍ പണം നല്‍കി വശീകരിച്ച് പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. വിദ്യാര്‍ത്ഥി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പൊലീസ് കേസ്സെടുത്തത്. 22 പേര്‍ തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവും പ്രമുഖ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്.

മറ്റു പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു പ്രതികള്‍ അറസ്റ്റിലായ വിവരമറിഞ്ഞ് പലരും ഒളിവിലാണ്. സി ഐയെ കൂടാതെ എ എസ് ഐ സുരേഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, മുഹമ്മദ് സലീം, അജ്മല്‍, ഗീത എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടെ ചാര്‍ജ്ജ് വഹിക്കുന്ന അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ വി നാരായണന്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികനാണ് താനൂരില്‍ അറസ്റ്റിലായത്. താനൂര്‍ ഒഴൂര്‍ വെട്ടുകുളം സ്വദേശി കോലിക്കലകത്ത് അബ്ദുല്‍ ലത്തീഫാ(55)ണ് താനൂര്‍ പോലീസ് പിടിയിലായത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് പ്രകാര താനൂര്‍ സിഐ എം ഐ ഷാജിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!