മര്‍കസ് ഓര്‍ഫന്‍ ഹോം കെയര്‍ അനാഥര്‍ക്കായി 19.6കോടി നല്‍കി ഉദ്ഘാടനം മലപ്പുറത്ത് നടന്നു
മലപ്പുറം : കാരന്തൂര്‍ മര്‍കസിന്റെ കീഴില്‍ അനാഥരെ ഏറ്റെടുത്ത് വീടുകളിലേക്ക് ചെലവ് എത്തിക്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതിയുടെ വാര്‍ഷിക ഫണ്ട് വിതരണ ഉദ്ഘാടനം മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പിതാക്കള്‍ മരണപ്പെട്ട 4844 വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, മെഡിസിന്‍, പരിശീലനം തുടങ്ങിയ ചെലവുകള്‍ക്ക് ആവശ്യമായ 19.6 കോടി രൂപയുടെ ചെക്ക് ചടങ്ങില്‍ എ.പി അനില്‍ കുമാര്‍ എം.എല്‍.എ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.
അനാഥകളായ വിദ്യാര്‍ത്ഥികളെ വീടുകളില്‍ തന്നെ താമസിപ്പിച്ചു ഉന്നതമേഖലകളിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്ന പദ്ധതിയാണിത്. മലപ്പുറം ജില്ലയില്‍ മാത്രം 879 വിദ്യാര്‍ഥികള്‍ ഈ പദ്ധതിക്ക് കീഴില്‍ നിലവിലുണ്ട്. ആവശ്യമായ പണം നല്‍കുന്നതോടൊപ്പം കൃത്യമായ ഇടവേളകളില്‍ ഇവരെയും മാതാക്കളെയും ഒരുമിപ്പിച്ചു വിദ്യാഭ്യാസ- മാനശാസ്ത്ര ക്‌ളാസുകള്‍ നല്‍കുകയും ചെയ്യുന്നു. പതിനാറു വര്‍ഷം മുമ്പ് തുടങ്ങിയ ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേടിയ നൂറുകണക്കിന് പേര് ഇപ്പോള്‍ സര്‍ക്കാറുകള്‍ നടത്തുന്നത് പോലുള്ള സാമൂഹിക മുന്നേറ്റ യത്‌നങ്ങള്‍ ആണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴില്‍ മര്‍കസ് രാജ്യത്താകെ നടത്തുന്നത് എന്ന് എ.പി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 40000 വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക അറിവ് നല്‍കുന്നതോടൊപ്പം ജീവകാരുണ്യ രംഗത്ത് നടത്തുന്ന അസാധാരണമായ ഇടപെടലുകള്‍ ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
പിതാവ് നഷ്ടപ്പെട്ടത്തിന്റെ മാനസിക വേദനയും, സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന അനാഥകളെ ഏറ്റെടുത്ത്, വീടുകളില്‍ തന്നെ താമസിപ്പിച്ചു നടത്തുന്ന ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതി ലക്ഷ്യമാക്കുന്നത് എല്ലാവരെയും വൈജ്ഞാനികമായും സാമൂഹികമായും ഉയര്‍ത്തുകയെന്നതാണെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. കൃത്യമായ പരിശീലനവും വിജ്ഞാനവും നല്‍കിയാല്‍ ഓരോ വിദ്യാര്‍ഥികളെയും അവര്‍ക്ക് അഭിരുചിയുള്ള മേഖലകളില്‍ ഉന്നതരാക്കാന്‍ സാധിക്കും. അതാണ് മര്‍കസും മഅദിന്‍ അക്കാദമിയും പോലുള്ള സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം അനാഥ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
മര്‍കസ് റിലീഫ് സെല്‍ റീജിണല്‍ മാനേജര്‍ റശീദ് പുന്നശ്ശേരി, മഅദിന്‍ അക്കാദമിക ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മര്‍സൂഖ് സഅദി, ദുല്‍ഫുഖാര്‍ സഖാഫി, ഉമര്‍ മേല്‍മുറി, മുസ്തഫ വേങ്ങര, ശറഫുദ്ധീന്‍ കൊളപ്പുറം എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. യൂസുഫ് നൂറാനി സ്വാഗതവും ്ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.
RECENT NEWS
കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം സമുചിതമായി ആചരിച്ചു
മലപ്പുറം: മുസ്ലിം സാമൂഹിക മുന്നേറ്റ രംഗത്ത് നേതൃപരമായ പങ്ക് വഹിക്കുന്ന കേരള മുസ്ലിം ജമാഅത്ത് ഒമ്പതാമത് സ്ഥാപക ദിനം സംസ്ഥാനത്തുടനീളം സമുചിതമായി ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തലും സംഘടനാ സന്ദേശ പ്രഭാഷണവും മധുര വിതരണവും [...]