പി കെ ബഷീര്‍ ആവശ്യപ്പെട്ടു; റോഡരികിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍

പി കെ ബഷീര്‍ ആവശ്യപ്പെട്ടു; റോഡരികിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: പൊതുനിരത്തുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലാ വികസന സമിതി യോഗത്തില്‍ പികെ ബഷീര്‍ എംഎല്‍എയാണ് പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയത്. റോഡരികില്‍ അനധികൃതമായി കെട്ടിയ താല്ക്കാലിക കച്ചവടസ്ഥാപനങ്ങളും പരസ്യബോര്‍ഡുകളും വാഹനാപ കടങ്ങള്‍ക്ക് കാരണമാകുന്നതായി എംഎല്‍എ ചൂണ്ടിക്കാട്ടി. റോഡരികില്‍ നിന്ന് വെട്ടിമാറ്റിയ മരത്തടികളും അപകടമുണ്ടാക്കുന്നുണ്ട്. അവ ലേലം ചെയ്ത് വില്‍ക്കുകയോ ഡിപ്പോകളിലേക്ക് മാറ്റുകയോ ചെയ്യണമെന്നും പികെ ബഷീര്‍ ആവശ്യപ്പെട്ടു.

സ്‌കൂളുകള്‍ക്ക് സമീപം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ ആവശ്യപ്പെട്ടു. ഇത്തരക്കാരെ കണ്ടെത്താന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ലഹരിമരുന്നുകള്‍ വില്‍ക്കുന്നവരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടണമെന്നും ടിവി ഇബ്രാഹിം പറഞ്ഞു. ജില്ലാകലക്ടര്‍, ജില്ലാ പൊലീസ് മേധാവി, എക്സൈസ് അധികൃതര്‍, എംഎല്‍എമാര്‍ എന്നിവരരുടെ യോഗം വിളിച്ചുചേര്‍ത്ത് കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

എല്‍.പി-യുപി അധ്യാപകരുടെ പി.എസ്.സി റാങ്ക് പട്ടിക പട്ടിക പ്രസിദ്ധീകരിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ടിവി ഇബ്രാഹിം എംഎല്‍എ അവതരിപ്പിച്ചു. അലിഗഢ് സര്‍വകലാശാല ഓഫ് കാമ്പസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയും യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.

എം.എല്‍.എമാരായ സി.മമ്മൂട്ടി, പി.ഉബൈദുള്ള, പി.അബ്ദുള്‍ ഹമീദ്, അഡ്വ. എം ഉമ്മര്‍, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സലിം കുരുവമ്പലം, എഡിഎം വി രാമചന്ദ്രന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!