തിരൂരില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നകേസില്‍ പ്രതിയെ സഹായിച്ചയാളുടെ ഓട്ടോക്ക് തീയിട്ടു

 

തിരൂര്‍: ഓട്ടം പോകാത്തതിന് തിരൂര്‍ പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിയെ സഹായിച്ചയാളുടെ ഓട്ടോ കത്തിനശിച്ച നിലയില്‍. പറവണ്ണ ബീച്ച് റോഡിലെ കമ്മാക്കാന്റെ പുരക്കല്‍ ഷാഹുല്‍ഹമീദിന്റെ ഓട്ടോയാണ് ഇന്നലെ പുലര്‍ച്ചെ അഗ്‌നിക്കിരയായത്. പറവണ്ണ മുസ്ലിംജമാഅത്തിന് കീഴിലുള്ള സ്‌കൂള്‍ വളപ്പിലാണ് വണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചു.
കഴിഞ്ഞ 16ന് രാത്രി പറവണ്ണയില്‍ ഓട്ടം വിളിച്ചിട്ടു പോകാത്ത വൈരാഗ്യത്തിന്
ളരിക്കല്‍ മുഹമ്മദ് യാസീന്‍(40) എന്ന ഓട്ടോ ഡ്രൈവറെ പള്ളാത്ത് ആദം കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇയാളുടെ സഹോദരന്‍ നൗഷാദും സഹായിയായി കൂടെയുണ്ടായിരുന്നു. മദ്യപിച്ച് ഓട്ടോയില്‍ കയറാനെത്തിയ ആദം നിരവധി കേസുകളില്‍ പ്രതിയാണ്. ആദമിനോടൊപ്പം കേസില്‍ പ്രതിയായ നൗഷാദ് സംഭവത്തിന് രണ്ട് ദിവസം മുമ്പു വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ഇയാള്‍ കേസില്‍പെട്ടതോടെ ഉടന്‍ വിദേശത്തേക്ക് തന്നെ കടന്നു. തുടര്‍ന്ന് നൗഷാദിന്റെ സുഹൃത്തും വാഹനത്തിലെ ഡ്രൈവറുമായ ഷാഹുല്‍ഹമീദിന്റെ ഓട്ടോയാണ് ഇന്നലെ കത്തി നശിപ്പിച്ചത്.
നൗഷാദിന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ഷാഹുല്‍ഹമീദാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ ഓട്ടോ അഗ്‌നിക്കിരയായത്. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേസിലെ ഒന്നാം പ്രതി ആദമിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ആദം പതിവായി കത്തികൊണ്ടു നടക്കുന്ന ആളാണ്. തിരൂരിലെ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റിനു മുന്നിലാണ് ഇയാളുടെ താവളം. പറവണ്ണയിലെത്തിയ ആദം മദ്യപിച്ച് സ്വബോധം നശിച്ച നിലയിലായതിനാലാണ് യാസീന്‍ ട്രിപ്പു പോകാന്‍ വിസമ്മതിച്ചത്. ഉടനെ കുത്തി വീഴ്ത്തുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കലില്‍വെച്ചാണ് പോലീസിന്റെ പിടിയിലായത്.
അതേ സമയം കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ആദം പോലീസ്, എക്‌സൈസ് വിഭാഗങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളാണെന്നും നാട്ടുകാര്‍ പറയുന്നു. ഇരുകൂട്ടരുടെയും ഒറ്റുകാരനായിരുന്നു ഇയാളെന്നും പറയപ്പെടുന്നു. സദാ സമയം കത്തിയും ഊരിപ്പിടിച്ച് നഗരത്തില്‍ സ്ഥിരം ഗുണ്ടാവിളയാട്ടം നടത്തുന്ന ഇയാളെ നാട്ടുകാര്‍ക്കെല്ലാം ഭയമാണ്. ഇയാള്‍ക്കെതിരെ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപങ്ങളുണ്ട്.
കൊല നടത്തിയ ശേഷം ഓട്ടോ അടിച്ചു തകര്‍ക്കുന്നതിനിടെ കൈയിന് പരുക്കുപറ്റിയ ആദം കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പോലീസ് പിടികൂടിയത്.

Sharing is caring!