മന്ത്രി എ.സി മൊയ്തീന്‍ മൂന്ന് പദ്ധതികള്‍ താനൂരിന് സമര്‍പ്പിച്ചു

താനൂര്‍: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ താനൂരിന് മൂന്ന് പദ്ധതികള്‍ സമര്‍പ്പിച്ചു. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരത്ത് ആര്‍.ഒ വാട്ടര്‍ പ്ലാന്റും, മൂച്ചിക്കല്‍ മഞ്ഞളാംപടി റോഡും, ഒഴൂരിലെ ഗവണ്‍മെന്റ് ഹോമിയോ ക്ലിനിക്കുമാണ് നാടിന് സമര്‍പ്പിച്ചത്.

പതിറ്റാണ്ടുകളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ ശോച്യാവസ്ഥയിലായ മൂച്ചിക്കല്‍-മഞ്ഞളാംപടി റോഡ് ആധുനികവത്കരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. 1.85 കോടി രൂപ ചെലവഴിച്ചാണ് റോഡ് പൂര്‍ത്തീകരിച്ചത്. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മാലിന്യങ്ങളെ പൂര്‍ണ്ണമായും ശുദ്ധീകരിച്ച് ശുദ്ധജലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന ആര്‍.ഒ വാട്ടര്‍ പ്ലാനിന്റെ ഉദ്ഘാടനം നിറമരുതൂര്‍ വള്ളിക്കാഞ്ഞിരത്ത് നടന്നു. വി.അബ്ദുറഹിമാന്‍ എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്ലാന്റ് നിര്‍മ്മിച്ചത്.

ഒഴൂര്‍ വെള്ളച്ചാലില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. വിവിധ പദ്ധതികളില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ്, വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ഹാജി, ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രജിത, വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോറാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍
പങ്കെടുത്തു.

Sharing is caring!