പ്രാദേശിക വികസന ഫണ്ട് മുഴുവന്‍ പ്രവൃത്തികളും ഉടന്‍ പൂര്‍ത്തിയാക്കണം: ഇ.ടി

മലപ്പുറം: എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ വകയിരുത്തിയ ജില്ലയിലെ മുഴുവന്‍ പ്രവൃത്തികളും ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍ദ്ദേശിച്ചു. പൊന്നാനി പാര്‍ലിമെന്റ് മണ്ഡലത്തിലെ പ്രാദേശിക വികസന ഫണ്ടുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക ജാതി കോളനികളിലെ പ്രവര്‍ത്തികളിലെ സാധ്യത പഠനം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണം.

ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികള്‍ അനന്തമായി നീണ്ടു പോവുന്നത് ശരിയല്ലെന്നും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് സാങ്കേതിക തടസ്സം നേരിടുന്നുവെങ്കില്‍ അക്കാര്യം പ്ലാനിംഗ് ഓഫീസില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ആകെ നിര്‍ദ്ദേശിക്കപ്പെട്ട 575 പ്രവൃത്തികളില്‍ 475 പ്രവൃത്തികള്‍ക്ക് 25.08 കോടിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. 291 പ്രവൃത്തികള്‍ പൂര്‍ത്തിയായതായും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ സന്തോഷ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.പ്രദീപ് കുമാര്‍, കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ.നാസര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!