നിലമ്പൂരില്‍ ലോറിയിടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു

നിലമ്പൂര്‍: നിലമ്പൂരില്‍ ലോറിയിടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു. മണലോടി അശ്വതി നിവാസില്‍ എക്‌സല്‍ ഉണ്ണി എന്ന വേലായുധന്റെ മകന്‍ അനില്‍ (42) ആണ് മരിച്ചത്. സുഹൃത്ത് പാടിക്കുന്ന് സ്വദേശി മുനീറലിയെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 12.30തോടെ നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിനു മുന്നിലാണ് അപകടമുണ്ടായത്. അനിലും മുനീറലിയും സഞ്ചരിച്ചിരുന്ന കാര്‍ വടപുറത്തു നിന്നു നിലമ്പൂരിലേക്കു വരികയായിരുന്നു. ഇതിനിടെ എതിര്‍ഭാഗത്തു നിന്നു വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. അനില്‍ അവിവാഹിതനാണ്. മാതാവ് ലക്ഷ്മിക്കുട്ടിഅമ്മ. സഹോദരങ്ങള്‍: അജിത്കുമാര്‍, അശ്വതി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Sharing is caring!