കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ചെമ്മന്‍കടവ് സ്‌കൂള്‍ ടീം ഡല്‍ഹി യിലേക്ക് പുറപ്പെട്ടു

മലപ്പുറം: ജവഹര്‍ലാല്‍ നെഹ്രു ദേശീയ ഹോക്കി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പുറപ്പെട്ടു. ഡല്‍ഹി ദേശീയ മൈതാനിയില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ നാല് വരെയാണ് ദേശീയ മത്സരം നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളുമായുള്ള മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധികരിച്ചാണ് ചെമ്മങ്കടവ് സ്‌കൂള്‍ ടീം പങ്കെടുക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ സ്പോര്‍ട്സ് സ്‌കൂള്‍ ടീമുകളെ പരാജയപ്പെടുത്തിയാണ് ചെമ്മങ്കടവ് സ്‌കൂള്‍ ടീം ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.
നെഹ്രു ദേശീയ ഹോക്കി മത്സരത്തില്‍ ആദ്യമായാണ് ചെമ്മങ്കടവിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്. വിവിധ ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ മറ്റുകളിക്കാരുടെ കൂടെ ഇവിടെത്തെ വിദ്യാര്‍ഥികള്‍ പങ്കെടുക്കാറുണ്ടെങ്കിലും ടീമിലെ മുഴുവന്‍ കളിക്കാരും ചെമ്മങ്കടവില്‍ നിന്നുള്ള ആദ്യമത്സരവുമാണിത്.
ചെമ്മങ്കടവ് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ ടീമിനെ നയിക്കുന്നത് സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിയായ സി.എച്ച്. മുഹമ്മദ് ആഷിഖാണ്. കായികാധ്യാപകന്‍ യു. മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വിയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. പൂര്‍വവിദ്യാര്‍ഥികളും സ്‌കൂള്‍ ടീമിലെ മുന്‍ അംഗങ്ങളുമായ മുഹമ്മദ് മുജ്തബ, മുഹമ്മദ് മുര്‍തള എന്നിവരാണ് ഉപപരിശീലകര്‍. സിനാന്‍, ഷഫീഖ് എന്നിവര്‍ ടീം മാനേജര്‍മാരുമാണ്.
സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും മാനേജ്മെന്റും ചേര്‍ന്നാണ് ടീം അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് ജില്ലാപഞ്ചായത്തംഗം സൈദ് പുല്ലാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍. കുഞ്ഞീതു അധ്യക്ഷനായി.
പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍നാസര്‍, പി.ടി.എ. അംഗങ്ങളായ പി.കെ.എസ്. മുജീബ് ഹസ്സന്‍, യൂസുഫ് തറയില്‍, അധ്യാപകരായ അബ്ദുല്‍കലാം ആസാദ്, എന്‍.കെ. മുജീബ് റഹ്മാന്‍, അബ്ദുറഹൂഫ് വരിക്കോടന്‍, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളായ എന്‍.കെ. കുഞ്ഞിമുഹമ്മദ്, എന്‍.കെ. അബ്ദുല്‍റഹൂഫ് തുടങ്ങിയവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *