ദേശീയ മത്സരത്തില്‍ മലപ്പുറത്തുകാരന് വെള്ളി

ദേശീയ മത്സരത്തില്‍ മലപ്പുറത്തുകാരന് വെള്ളി

കൊണ്ടോട്ടി: ദേശീയ നൈപുണി വികസനമന്ത്രാലയവും കേന്ദ്രസര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍ഡ് 2018 ദേശീയ മത്സരത്തില്‍ വാള്‍ ആന്‍ഡ് ഫ്‌ലോര്‍ ടൈലിങ് വിഭാഗത്തില്‍ മുഹമ്മദ് റാബിത്ത് കുന്നംപള്ളിക്ക് വെള്ളി മെഡല്‍.
സൗത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചാണ് റാബിത്ത് ദേശീയതല മത്സരത്തില്‍ പങ്കെടുത്തത്. ഒരുലക്ഷം രൂപയുടെ ക്യാഷ് പ്രൈസും റാബിത്തിന് ലഭിച്ചു. 2019 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടക്കുന്ന അന്തര്‍ദേശീയ സ്‌കില്‍ മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് റാബിത്തിന് പങ്കെടുക്കാം.
അരീക്കോട് ഗവ. ഐടിഐ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിയാണ്. പരിശീലനത്തിനുള്ള സൗകര്യമൊരുക്കിയതും സാമഗ്രികള്‍ വാങ്ങുന്നതിനുള്ള സഹായം നല്‍കിയതും ഐടിഐയിലെ അധ്യാപകരാണ്. നേരത്തെ സ്‌കൂള്‍ പഠനകാലത്ത് പ്രവൃത്തി പരിചയ മേളയില്‍ തുടര്‍ച്ചയായി മൂന്നുതവണ കൊയര്‍ ഡോര്‍ മേറ്റ് വിഭാഗത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ഥികള്‍ക്കായി സിങ്കപ്പുര്‍ ഐടിഐ എഡ്യുക്കേഷന്‍ സര്‍വീസുമായി സഹകരിച്ച് നടത്തുന്ന പഠന സാങ്കേതിക സൗകര്യ പരിപാടിയിലേക്കും യോഗ്യതനേടി.
നിര്‍ധന കുടുംബാംഗമായ റാബിത്ത് പഠനകാലത്തുതന്നെ സ്വയംതൊഴിലിലൂടെ പഠനച്ചെലവ് കണ്ടെത്തുകയാണ്.
കൊണ്ടോട്ടി മേലങ്ങാടി കുന്നംപള്ളി അബ്ദുല്‍ അസീസിന്റെയും ഷഹര്‍ബാന്റെയും മകനാണ്. റഷ്യയില്‍ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തിന് എട്ടുമാസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് ക്യാമ്പിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് റാബിത്ത്.

Sharing is caring!