ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് കുഞ്ഞാലിക്കുട്ടിയുടെ അറിയിപ്പിനെ ട്രോളി ഒരുവിഭാഗം

ഹജ് എംബാര്‍ക്കേഷന്‍ പോയന്റ്  കുഞ്ഞാലിക്കുട്ടിയുടെ  അറിയിപ്പിനെ ട്രോളി ഒരുവിഭാഗം

മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ് സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരിലേക്ക് മാറ്റാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ് വി ഉറപ്പുനല്‍കിയെന്ന കുഞ്ഞാലിക്കുട്ടി എം.പിയുടെ അറിയിപ്പിനെതിരെ ഒരു വിഭാഗം രംഗത്ത്. ഇക്കാര്യം ഒരാഴ്ച മുമ്പ് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചതാണെന്നും ഇതിന്റെ ക്രെഡിറ്റ് നേടിയെടുക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്നും കാണിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

മലപ്പുറംഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ് വിയുമായി പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് റണ്‍വേ നവീകരണ ജോലികളെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ് സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരിലേക്ക് മാറ്റാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചത്്

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഡി ജി സി എ അനുമതി നല്‍കിയതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ഇങ്ങോട്ട് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചതായും, അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസുകള്‍ നടത്തുന്നതായിരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി വി അബ്ദുല്‍ വഹാബ് എം പി, വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ എന്നിവരും മന്ത്രിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.

Sharing is caring!