രാജ്യറാണി ഈ മാസം സ്വതന്ത്ര ട്രെയിന്‍ ആകുമെന്ന് റയില്‍വേയുടെ ഉറപ്പ് ലഭിച്ചതായി എം.പിമാര്‍

രാജ്യറാണി ഈ മാസം സ്വതന്ത്ര ട്രെയിന്‍ ആകുമെന്ന് റയില്‍വേയുടെ ഉറപ്പ് ലഭിച്ചതായി എം.പിമാര്‍

നിലമ്പൂര്‍: രാജ്യറാണി എക്സപ്രസ് സ്വതന്ത്ര ട്രെയിന്‍ ആക്കിയുള്ള പ്രഖ്യാപനം ഈ മാസം തന്നെ കൈക്കൊള്ളുമെന്ന് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയുടെ ഉറപ്പ്. രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് നിവേദനം സമര്‍പ്പിക്കാനെത്തിയ പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുല്‍ വഹാബ് എം പി, വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ എന്നിവരോടാണ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോച്ചുകളുടെ ലഭ്യത കുറവാണ് നിലവില്‍ രാജ്യറാണി ലിങ്ക് ട്രെയിനായ അമൃത എക്സ്പ്രസില്‍ നിന്നും വേര്‍തിരിച്ച ഓടിക്കുന്നതിനുള്ള തടസം. ഇതുമായി ബന്ധപ്പെട്ട് റയില്‍വേ കോച്ചസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മന്ദീഹ് സിങ് ഭാട്ടിയയുമായി സംഘം കൂടിക്കാഴ്ച്ച നടത്തി. ചെയര്‍മാന്റെ നിര്‍ദേശപ്രകാരം നടത്തിയ ചര്‍ച്ചയയില്‍ മന്ദീപ് സിങും അനുകൂല നിലപാടാണ് കൈക്കൊണ്ടത്.

ഇനി ഇറങ്ങുന്ന കോച്ചുകള്‍ രാജ്യറാണിക്കായി അനുവദിക്കാമെന്ന് മന്ദീപ് സിങ് ഉറപ്പു നല്‍കിയതായി പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. പതിനൊന്ന് കോച്ചുകളാണ രാജ്യറാണി സ്വതന്ത്രമാകുമ്പോള്‍ ആവശ്യം വരിക. ഇത് ഈ മാസം തന്നെ അനുവദിക്കുമെന്നാണ് റയില്‍വേ ഉന്നതര്‍ അറിയിച്ചിരിക്കുന്നത്. കോച്ച് ലഭിച്ചാല്‍ ഉടന്‍ തന്നെ രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുന്നതായുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് അധികൃതര്‍ എം പിമാരുടെ സംഘത്തിന് ഉറപ്പ് നല്‍കിയത്.

മലപ്പുറത്തിന്റെ തെക്ക്-കിഴക്ക് മേഖലയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് രാജ്യറാണി സ്വതന്ത്രമാകുന്നതോടെ യാത്ര കൂടുതല്‍ സുഖമമാകും. വര്‍ഷങ്ങളായി പ്രദേശത്തെ ട്രെയിന്‍ യാത്രക്കാരുടെ ആവശ്യമാണ് രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുക എന്നത്.

Sharing is caring!