വ്യാജരേഖകള്‍ നിര്‍മ്മിച്ചും ആള്‍മാറാട്ടം നടത്തിയും നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ മലപ്പുറത്തെ നാലംഗ സംഘം മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയില്‍

വ്യാജരേഖകള്‍ നിര്‍മ്മിച്ചും  ആള്‍മാറാട്ടം നടത്തിയും നിരവധി  പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ  മലപ്പുറത്തെ നാലംഗ സംഘം മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയില്‍

താനൂര്‍: വ്യാജരേഖകള്‍ നിര്‍മ്മിച്ചും ആള്‍മാറാട്ടം നടത്തിയും നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ സംഘത്തിലെ പ്രധാന കണ്ണികളായ തെന്നല സ്വദേശികള്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയില്‍.
മുബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് സ്വന്തമാക്കിയെന്ന നന്നമ്പ്ര തെയ്യാല സ്വദേശി പി.കെ മുഹമ്മദ്കുട്ടിയുടെ പരാതിയില്‍ മുബൈ പൊലീസ് അന്വേഷിച്ച കേസിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. തെന്നല സ്വദേശികളായ കോട്ടുവാല ഹംസ, കോട്ടുവാല സൈതാലിക്കുട്ടി, കോട്ടുവാല അബ്ദുല്‍ ഖാദര്‍, തോണ്ടാലി അബ്ദുറഹ്മാന്‍ എന്നിവരെയാണ് കേരള പൊലീസിന്റെ സഹായത്തോടെ മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മഹാരാഷ്ട്രയിലും മറ്റുമായി സമാന രീതിയിലുള്ള നിരവധി തട്ടിപ്പുകള്‍ നടത്തിയ പ്രതികള്‍ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചാണ് അതിവിദഗ്ദമായി പൊലീസ് ഇവരെ വലയിലാക്കിയത്. കേസിലെ മുഖ്യസൂത്രധാരന്‍ കോട്ടുവാല ഹംസ കുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു മത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയും തെന്നല മഹല്ല് പളളിയുടെ സെക്രട്ടറിയുമാണ്. മത സംഘടനകളിലും സ്ഥാപനങ്ങളിലുമൊക്കെയുള്ള സ്ഥാനമാനങ്ങളും സ്വാധീനവും തട്ടിപ്പുകള്‍ക്ക് ഇവര്‍ ഉപയോഗിക്കുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുഖ്യ പ്രതിയുടെ സഹോദരനും മകനും സഹോദരി പുത്രനുമടക്കം ചിലരെ കൂടി കിട്ടേണ്ടതുണ്ടെന്നും പ്രതികളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും രേഖകളും പരിശോധിക്കാനും വിശദമായി ചോദ്യം ചെയ്യുന്നതിനും തുടരന്വേഷണങ്ങള്‍ക്കുമായി പ്രതികളെ മുബൈ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണ ഓഫീസര്‍ പറഞ്ഞു.

Sharing is caring!