ഡി.വൈ.എഫ്.ഐ മലപ്പുറംജില്ലാകമ്മിറ്റിക്ക് പുരസ്‌കാരം

ഡി.വൈ.എഫ്.ഐ മലപ്പുറംജില്ലാകമ്മിറ്റിക്ക് പുരസ്‌കാരം

മലപ്പുറം : ലോക സന്നദ്ധ രക്തദാനദിനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്യുകയും രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുകയും ചെയ്ത സന്നദ്ധ സംഘടനക്കുള്ള അവാര്‍ഡ് ഇത്തവണയും ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്കു ലഭിച്ചു. കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ.മുബഷീര്‍, പ്രസിഡന്റ് കെ.ശ്യാംപ്രസാദ്, കെ.പി.അനീഷ്, പി.ഷാജി തുടങ്ങിയവര്‍ ഏറ്റുവാങ്ങി. തുടര്‍ച്ചയായി എട്ടാം തവണയാണ് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാകമ്മിറ്റിക്ക് ഈ ബഹുമതി ലഭിക്കുന്നത്.
2009 നവംബര്‍ 3 ന് ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിലാണ് രക്തം ലഭിക്കാതെ ഒരാള്‍ പോലും മരിക്കരുത് എന്ന ദൃഡ നിശ്ചയത്തോടെ ‘യുവതയുടെ രക്ത ദാനം’ ക്യാംപയിന് ഡി.വൈ.എഫ്.ഐ തുടക്കമിട്ടത്. 2010-2011, 2011-2012, 2012-2013, 2013-2014, 2014-2015, 2015-2016, 2016-2017 എന്നീ വര്‍ഷങ്ങളിലെ സംസ്ഥാനതല അവാര്‍ഡും ജില്ലാതല അവാര്‍ഡും പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിക്കായിരുന്നു.
2017-18 വര്‍ഷത്തില്‍ 29 ക്യാംപുകളില്‍ നിന്നായി 1204 യൂണിറ്റ് രക്തമാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ദാനം ചെയ്തത്. മൂന്ന് ബ്ലഡ് ബാങ്കുകളിലേക്കും കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്കും ആവശ്യമായ ഘട്ടങ്ങളിലെല്ലാം ക്യാംപനിയിന്റെ ഭാഗമായി രക്തം ദാനം നല്‍കി വരുന്നു. ഡി.വൈ.എഫ്.ഐ യൂണിറ്റ്, മേഖലാ, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചാണ് ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നല്‍കുന്നത്. യുവതയുടെ രക്തദാന ക്യാംപയിനിന്റെ ഭാഗമായി പ്രവര്‍ത്തിച്ച മുഴുവന്‍ ഘടകങ്ങളെയും പ്രവര്‍ത്തകരെയും ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

Sharing is caring!