മലപ്പുറം ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തോന്നിയ പോലെ
മലപ്പുറം: തോന്നുംപടി സര്‍വീസ് നടത്തിയ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ജനത്തെ ദുരിതത്തിലാക്കുന്നു. സമയക്രമം പാലിക്കാതെയും
ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയുമാണ് കെ.എസ്.ആര്‍.ടി.സി ജനത്തെ ദുരിതത്തിലാക്കുന്നത്. രണ്ടാഴ്ച്ചയിലധികമായി കോഴിക്കോട്-പാലക്കാട് റൂട്ടിലടക്കം ബസുകള്‍ മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന പാലക്കാട്-കോഴിക്കോട് റൂട്ടിലാണ് യാത്രക്കാര്‍ക്ക് ഏറെ ദുരിതം. സര്‍വീസുകള്‍ വൈകുന്നതിനെ പുറമെ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി ഷെഡ്യൂളുകള്‍ വെട്ടികുറച്ചതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. ഇതേച്ചൊല്ലി യാത്രക്കാരും കെഎസ്ആര്‍ടിസി അധികൃതരും തമ്മില്‍ വാക്കേറ്റം പതിവായിട്ടുണ്ട്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ റോഡുകള്‍ വലിയ രീതിയില്‍ തകര്‍ന്നതാണ് സമയക്രമം പാലിക്കാന്‍ കഴിയാത്തതിന് പ്രധാന കാരണമെന്ന് അധികൃതര്‍ പറയുന്നു. ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി എട്ടുമണിക്കൂറാണ് ഒരു ജീവനക്കാരന്‍ ജോലിചെയ്യേണ്ടത്. ഇതില്‍ ഏഴുമണിക്കൂര്‍ റണ്ണിങ് സമയവും അരമണിക്കൂര്‍ വിശ്രമവും കാല്‍മണിക്കൂര്‍ വീതം സര്‍വീസ് തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള സമയവുമാണ്. അഥവാ ഒരു ഡ്യൂട്ടിക്കിടയില്‍ ഏഴ് മണിക്കൂറ് കൊണ്ട് ഒരു സര്‍വീസ് പൂര്‍ത്തിയാക്കണം. എന്നാല്‍, ഈ സമയത്തിനിടയ്ക്ക് സര്‍വീസ് പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല. പാലക്കാട്-കോഴിക്കോട് സര്‍വീസ് നടത്താന്‍ 3.40 മണിക്കൂര്‍ സമയമാണ് നിജപ്പെടുത്തിയത്. എന്നാല്‍, നിരത്തിലെ പലവിധ കാരണങ്ങളാല്‍ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ അഞ്ചു മണിക്കൂര്‍ വരെ സമയമെടുക്കുന്നു. ഇതിനാല്‍ പല സര്‍വീസുകളും ഇടയ്ക്കുവച്ച് അവസാനിപ്പിക്കുകയാണ്. അഥവാ പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് നേരത്തെ സര്‍വീസ് നടത്തിയിരുന്ന മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ടൗണ്‍ റ്റു ടൗണ്‍ സര്‍വീസ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താതെ മലപ്പുറത്ത് തന്നെ അവസാനിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30ന് ശേഷം 12 മണിക്കിടയില്‍ മൂന്ന് ബസ്സുകളാണ് ഇത്തരത്തില്‍ മലപ്പുറത്ത് സര്‍വീസ് അവസാനിപ്പിച്ചത്. രാത്രിയായാല്‍ ഒന്നും രണ്ടും മണിക്കൂര്‍ വ്യത്യാസത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. ഇത് ദീര്‍ഘദൂര യാത്രക്കാരെ ഏറെ ബാധിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെ നഷ്ടക്കണക്ക് നിരത്തി ബസുകളുടെ സര്‍വീസ് വെട്ടിക്കുറച്ചതും യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഇതെല്ലാം സ്വകാര്യ ബസുകള്‍ക്ക് സഹായകമായിട്ടുണ്ട്. സ്ഥിരം യാത്രക്കാര്‍ പോലും കെഎസ്ആര്‍ടിസിയെ കൈവിടുന്ന അവസ്ഥയാണ്. കോഴിക്കോട്- പാലക്കാട് റൂട്ടില്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍കൊണ്ട് ഓടേണ്ട ബസ് അഞ്ച് മണിക്കൂറിലധികം സമയമെടുക്കുന്നു. ഇതിനൊപ്പം വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ബസ് കാത്ത് ഏറെനേരം നില്‍ക്കേണ്ട അവസ്ഥയാണ്. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ടിടി ബസ്സുകള്‍ക്ക് മൂന്നേമുക്കാല്‍ മണിക്കൂര്‍ നിജപ്പെടുത്തിയപ്പോള്‍ ഈ റൂട്ടില്‍ 16 സറ്റോപ്പുകളാണുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത് 61 സ്‌റ്റോപ്പുകളായി വര്‍ധിച്ചിട്ടുണ്ട്. സറ്റോപ്പുകളുടെ വര്‍ധനവും സമയത്തിന് നിശ്ചിത സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജീവനക്കാര്‍ പറയുന്നു.
പാലക്കാട്-കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി കൈയടക്കിയപ്പോള്‍ പിന്‍വലിഞ്ഞിരുന്ന സ്വകാര്യബസ്സുകള്‍ നിരത്തിലിറങ്ങിത്തുടങ്ങി. സര്‍വീസുകള്‍ വൈകിയും ഷെഡൂളുകള്‍ വെട്ടിച്ചുരുക്കിയും കെഎസ്ആര്‍ടിസി പിന്‍വലിഞ്ഞപ്പോഴാണ് സ്വകാര്യബസ്സുകള്‍ സര്‍വീസ് തുടങ്ങിയത്. കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ ജനപ്രിയമായി സര്‍വീസ് നടത്തിയപ്പോള്‍ സ്വകാര്യബസ്സുകളെ യാത്രക്കാര്‍ അവഗണിച്ചിരുന്നു. ഇതോടെ നഷ്ടത്തിലായ സ്വകാര്യബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസ് താളംതെറ്റിയതോടെ ഈ അവസരം മുതലെടുത്ത് നേരത്തെ നിര്‍ത്തിവച്ചിരുന്ന പല സ്വകാര്യ ബസ്സുകളും ഇപ്പോള്‍ സര്‍വീസുമായി രംഗത്തെത്തിയിരിക്കുകയാണ്. രണ്ടാഴ്ച്ചക്കിടയില്‍ എട്ടോളം സ്വകാര്യബസ്സുകളാണ് പുതുതായി ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ദീര്‍ഘദൂര യാത്രയ്ക്ക് കെഎസ്ആര്‍ടിസിയെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ ഇപ്പോള്‍ നിവൃത്തിയില്ലാതെ സ്വകാര്യബസ്സുകളെ ആശ്രയിക്കുകയാണ്.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.