എയര്‍ ഇന്ത്യയുടെ ഇരുട്ടടി അവസാനിപ്പിക്കണം: ദുബൈ കെ.എം.സി.സി.

എയര്‍ ഇന്ത്യയുടെ ഇരുട്ടടി അവസാനിപ്പിക്കണം: ദുബൈ കെ.എം.സി.സി.

ദുബൈ: കേരളത്തിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യയുടെ നടപടി പ്രവാസികളുടെ നേരെയുള്ള ഇരുട്ടടിയാണെന്ന് ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ആരോപിച്ചു.
യു.എ.ഇ. മലയാളികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി. പ്രസിഡന്റ് അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ എന്നിവര്‍ എയര്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ മോഹിത് സെന്‍, കണ്‍ട്രി മാനേജര്‍ സാകേത് സരണ്‍ എന്നിവരെ കണ്ടു. പ്രവാസികളെ ഇപ്രകാരം ചൂഷണം ചെയ്യുന്ന നിലപാടിന് കൂട്ടുനില്‍ക്കില്ലെന്ന് എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഇതിനോടകം തന്നെ ഡല്‍ഹിയിലേക്ക് ഇത് സംബന്ധമായ നിര്‍ദ്ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.
മൃതദേഹം കൊണ്ടുപോകുന്നത് സൗജന്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പരസ്യ പ്രഖ്യാപനം നടത്താതെ ഈ മാസം 20 മുതല്‍ സര്‍ക്കുലര്‍ അയച്ച് നിരക്ക് കൂട്ടിയത്. കേരളത്തിലേക്കുള്ള ചാര്‍ജ് ആണ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. ഉത്തരേന്ത്യയിലേക്കുള്ള നിരക്കും (17 ദിര്‍ഹം/സഴ) ദക്ഷിണേന്ത്യയിലേക്കുള്ള നിരക്കും (30ദിര്‍ഹം/സഴ) തമ്മില്‍ വലിയ അന്തരമുണ്ട് ഇന്ത്യന്‍ പ്രവാസികളില്‍ കൂടുതലും ദക്ഷിണേന്ത്യക്കാരായതിനാല്‍ വലിയ കൊള്ളയാണ് എയര്‍ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് യു.എ.ഇ.യിലെ മലയാളികളോടുള്ള ക്രൂരമായ സമീപനത്തിന് തെളിവാണ്. വിമാന കമ്പനി അധിക വരുമാനത്തിനായി മൃതദേഹത്തെപ്പോലും ഉപയോഗിക്കുന്നു. കിലോഗ്രാം കണക്കാക്കി ചാര്‍ജ് നിര്‍ണയിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്. പെട്ടിയുടെ തൂക്കത്തിനും പണം കൊടുക്കണം. ഒരു മൃതദേഹം എത്തിക്കണമെങ്കില്‍ ഇപ്പോഴത്തെ വര്‍ദ്ധന അനുസരിച്ച് 80000 രൂപയോളം ചെലവ് വരും കേരളത്തിലേക്ക്. എംബാമിങ് കൂടി ആയാല്‍ 150000 രൂപ വരും. ഈ തുക സമാഹരിക്കേണ്ടത് പലപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും. 29 ന് യു.എ.ഇ. സന്ദര്‍ശിക്കുന്ന കേന്ദ്ര മന്ത്രി വി.കെ. സിംഗിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തുമെന്ന് ദുബൈ കെ.എം.സി.സി. ഭാരവാഹികള്‍ പറഞ്ഞു.

Sharing is caring!