ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് ആദ്യമായൊരു ബാത്‌റൂം മലപ്പുത്ത് തുറന്നു

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് ആദ്യമായൊരു ബാത്‌റൂം മലപ്പുത്ത് തുറന്നു

മലപ്പുറം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് ആദ്യമായൊരു ബാത്‌റൂം തുറന്നു. മലപ്പുറം ജില്ലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കോളജ് വിദ്യാര്‍ഥിയായ റിയ ഇഷക്കു വേണ്ടിയാണ് മലപ്പുറം ഗവ. കോളജില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമായി ബാത്‌റൂം തുറന്നത്.
നിലവില്‍ സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്തരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രത്യേക ബാത്‌റൂം നിലവിലില്ല.
എന്നാല്‍ ട്രാന്‍സ് വിഭാഗങ്ങള്‍ കൂടുതലായി പഠനം നടത്തുന്ന എറണാകുളം മഹാരാജാസ് കോളജില്‍ അടക്കം പ്രത്യേക ബാത്‌റൂം സൗകര്യമൊരുക്കുന്നത് സാമൂഹ്യ നീതിവകുപ്പിന്റെ പരിഗണനയിലുണ്ട്. തങ്ങള്‍ക്ക് മാത്രമായി പ്രത്യേക ബാത്‌റൂം വേണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
നിലവില്‍ സംസ്ഥാനത്ത് സ്ത്രീ-പുരുഷ ബാത്ത്‌റൂമുകള്‍ മാത്രമാണുള്ളത്. ഇവിടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ കയറിയാല്‍ അറപ്പുളവാക്കുന്ന തരത്തിലുള്ള നോട്ടങ്ങളും അവഹേളനകളും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്നുണ്ട്. ട്രാന്‍സ് വിഭാഗത്തോടുള്ള സമീപനങ്ങളില്‍ പലമാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും ഇതൊന്നും മനസ്സിലാക്കാത്ത വലിയൊരു വിഭാഗം ഇപ്പോഴും ഉണ്ടെന്നാണ് ട്രാന്‍സ് വിഭാഗങ്ങളുടെ പരാതി.
മലപ്പുറം ഗവ. കോളജില്‍ ഒന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര വിഭാഗത്തില്‍ പ്രവേശനം നേടിയ റിയ കഴിഞ്ഞ മാസം മുതലാണ് കോളജില്‍ എത്തിത്തുടങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രത്യേക അനുമതിയോടെയുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള സംവരണ സീറ്റിലൂടെയായിരുന്നു പ്രവേശനം.
കോഴിക്കോട് സ്വദേശിനിയായ റിയ രണ്ടര വര്‍ഷമായി പെരിന്തല്‍മണ്ണയിലാണു താമസം. പാരാലീഗല്‍ വൊളന്റിയര്‍ കൂടിയായ റിയയുടെ പ്രധാനലക്ഷ്യം ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശാക്തീകരണമാണ്. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ലോക് അദാലത്ത് ജഡ്ജ് കൂടിയായ ഇവര്‍ നേരത്തെ ബെംഗളൂരുവില്‍നിന്നു ഫാഷന്‍ ഡിസൈനിങിലും ബിരുദം നേടിയിരുന്നു. തുടര്‍പഠനത്തിനുള്ള പണം കണ്ടെത്തുന്നുതും ഫാഷന്‍ ഡിസൈനിങ് വഴിയാണ്. തനിക്ക് മാത്രമായി ലഭിച്ച ബാത്‌റൂം മറ്റുള്ളവരും ഉപയോഗിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഇതിനാല്‍ ബാത്‌റൂം ടി.ജി ഫ്രണ്ട്‌ലി ബാത്‌റൂം ആക്കണമെന്നുമാണ് റിയ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ബാത്തൂറൂമിന് മുകളിലായി കോളജ് വിദ്യാര്‍ഥികള്‍ ടി.ജി ഫ്രണ്ട്‌ലി ബാത്ത്‌റൂം എന്ന ബോര്‍ഡുംവെച്ചു. കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബാത്‌റൂം തുറക്കുന്നതിനായി റിയയോടൊപ്പം കോളജ് പ്രിന്‍സിപ്പലെ കാണാനും റിയയെ സഹായിക്കാനുമായി രംഗത്തുവന്നത്.
അതേ സമയം കോളജുകളിലും സ്‌കൂളുകളിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ആവശ്യമാകുന്ന മുറക്ക് പ്രത്യേക ബാത്‌റൂമുകള്‍ അനുവദിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. ഇതിനായി പ്രത്യേക പാക്കേജ് തെയ്യാറാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Sharing is caring!