ഹിന്ദു, മുസ്ലിം വര്‍ഗീയവാദികളും കോണ്‍ഗ്രസും കൂട്ടുചേര്‍ന്ന് സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിടുന്നു: എ വിജയരാഘവന്‍

ഹിന്ദു, മുസ്ലിം വര്‍ഗീയവാദികളും കോണ്‍ഗ്രസും കൂട്ടുചേര്‍ന്ന്  സിപിഎമ്മിനെതിരെ അക്രമം  അഴിച്ചുവിടുന്നു: എ വിജയരാഘവന്‍

മലപ്പുറം: പാര്‍ലമെന്ററി സ്ഥാനമാനങ്ങള്‍ക്കായി സിപിഐ എം നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ എ വിജയരാഘവന്‍ പറഞ്ഞു. പറപ്പൂര്‍ ലോക്കല്‍ കമ്മിറ്റി വീണാലുങ്ങലില്‍ സംഘടിപ്പിച്ച അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു, മുസ്ലിം വര്‍ഗീയവാദികളും കോണ്‍ഗ്രസും കൂട്ടുചേര്‍ന്ന് സിപിഐ എമ്മിനെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കയാണ്. എന്നാല്‍ കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് സമീപകാല ഉപതെരഞ്ഞെടുപ്പുകള്‍ തെളിയിച്ചു. അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ കേരളത്തിലെ മുസ്ലിം സമൂഹം ഒട്ടാകെ കൊലപാതകത്തിനെതിരെ നിലപാടുസ്വീകരിച്ചു. സങ്കുചിത ലാഭത്തിനായി എസ്ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്തുണ സ്വീകരിച്ച ചരിത്രമാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ക്കുള്ളത്.
പറപ്പൂര്‍ പഞ്ചായത്തില്‍ നിലവിലുള്ള ഭരണസമിതിയുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എം മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, വി പി അനില്‍, വി ടി സോഫിയ, തയ്യില്‍ അലവി എന്നിവര്‍ സംസാരിച്ചു. പി കെ അഷറഫ് സ്വാഗതവും സി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. ആസാദ് നഗറില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തിയത്.

Sharing is caring!