ഭക്തിസാന്ദ്രമായി മമ്പുറം; ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി

ഭക്തിസാന്ദ്രമായി മമ്പുറം;  ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി

തിരൂരങ്ങാടി (മമ്പുറം): പതിനായിരക്കണക്കിനു വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതി പകര്‍ന്ന്, ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ 180-ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി.
ജാതിമത ഭേദമന്യേ മലബാറിലെങ്ങും ആദരിക്കപ്പെടുന്ന സ്വതന്ത്രസമര സേനാനിയും ആത്മീയനായകനുമായ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 180 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം തേടി വിവിധ ദിക്കുകളില്‍ നിന്ന് നിരവധി തീര്‍ത്ഥാടകരാണ് മമ്പുറത്തേക്കൊഴുകിയത്.
നേര്‍ച്ചയുടെ അവസാനദിനമായ ഇന്നലെ മമ്പുറത്തെത്തിയ വിശ്വാസി സഞ്ചയം അക്ഷരാര്‍ത്ഥത്തില്‍ കണ്ടലുണ്ടിയോരം തീര്‍ത്ഥാടകരാല്‍ ഭക്തിസാന്ദ്രമാക്കി.
നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകിയിരുന്നു. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക്ക് കീലോമീറ്ററുകളോളം വരിനില്‍കേണ്ടി വന്നു. തിരൂരങ്ങാടിയിലെയും സമീപ സ്‌റ്റേഷനുകളിലേയും നൂറോളും നിയമപാലകരും  ട്രോമാകെയര്‍ വളണ്ടിയര്‍മാരും പ്രദേശവാസികളും എസ്.കെ.എസ്.എസ്.എഫ് വളണ്ടിയേഴ്‌സും ചേര്‍ന്നാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മര്‍ക്കും പ്രത്യേകം സംവിധാനിച്ച കൗണ്ടറുകളിലായി നടന്ന അന്നദാനത്തിനായി ഒരുലക്ഷത്തിലേറെ നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് തയ്യാറാക്കിയത്.
രാവിലെ എട്ടിന് ആരംഭിച്ച അന്നദാനം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ക്കു നല്‍കി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു.  ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രഡിന്റ് എ.പി ഉണ്ണികൃഷ്ണന്‍, യു.ശാഫി ഹാജി ചെമ്മാട്, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, കെ.പി ശംസുദ്ധീന്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്നലെ ഉച്ചക്ക് ശേഷം മഖാമില്‍ നടന്ന  ഖത്മ് ദുആ സദസ്സോടെയാണ് നേര്‍ച്ചക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍,  കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്.സി. യൂസുഫ് ഫൈസി മേല്‍മുറി,  അലി മൗലവി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര,  ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സെപ്തംബര്‍ 11 ചൊവ്വാഴ്ച്ച സയ്യിദ് അഹ്മദ് ജിഫ്രി മമ്പുറം കൊടികയറ്റം നടത്തിയതോടെ ആരംഭിച്ച നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ് ലിസ്, മതപ്രഭാഷണങ്ങള്‍, ദിക്‌റ് ദുആ സദസ്സ് തുടങ്ങിയ വിവിധയിനം പരിപാടികളാണ് ഒരാഴ്ചക്കാലം മമ്പുറം മഖാമില്‍ നടന്നത്.
2. മനം നിറഞ്ഞ് മഖാം ഭാരവാഹികള്‍
പാവപ്പെട്ടരോടും അരികു വത്കരിക്കപ്പെട്ടവരോടും ആത്മ സ്‌നേഹം ചൊരിഞ്ഞ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അദ്ദേഹം ചെയ്ത സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചക്ക് കോട്ടം പറ്റാതെ തുടര്‍ത്താന്‍  ശ്രമിക്കുകയാണ് മഖാം ഭാരവാഹികള്‍,
മഖാമിന്റെ സാരഥ്യം വഹിക്കുന്ന ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തനികത്തും പുറത്തും നിരവധി വിദ്യഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മാനേജിംഗ് കമ്മിറ്റിക്കു മഖാം ഭരണം കൈമാറിയിട്ടു ഇരുപത് വര്‍ഷം പൂര്‍ത്തിയായി. മമ്പുറത്തെയും സമീപ പ്രദേശങ്ങളിലേയും നിരവിധി പള്ളികളും മദ്രസകളും നടത്തുന്നതിനു വേണ്ട സാമ്പത്തിക സഹായം നല്‍കുന്നത് മഖാമില്‍ നിന്നാണ്.
കൂടാതെ പ്രദേശത്തെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം, വിധവകള്‍ക്കും രോഗികള്‍ക്കുമുള്ള സഹായം, വീടു നിര്‍മ്മാണത്തിനുള്ള ധനസഹായം എന്നിവയും മഖാം കമ്മിറ്റിക്കു കീഴില്‍ നടന്നു വരുന്നുണ്ട്. മഖാമില്‍ എത്തുന്ന അരിയെല്ലാം മമ്പുറം പ്രദേശത്തുകാര്‍ക്ക് തന്നെയാണ് പൂര്‍ണമായും വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും ഏറ്റവും കുറഞ്ഞ് പത്ത് കിലോ വീതമെങ്കിലും അരി നല്‍കും. പ്രദേശത്തെ രണ്ടു പള്ളികള്‍ പൂര്‍ണമായും മഖാം കമ്മിറ്റി പരിപാലിക്കുന്നു.
3. കര്‍മ സജ്ജരായി ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍
മമ്പുറം:180-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് വിജയകരമായി കൊടിയിറങ്ങിയതിന്റെ ആത്മനിര്‍വൃതിയിലും സന്തോഷത്തിലുമാണ് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളും. ഒരാഴ്ചക്കാലം നീണ്ടുനിന്ന ആണ്ടുനേര്‍ച്ചയുടെ ഓരോ ദിന പരിപാടിയിലും പങ്കെടുക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ദാറുല്‍ഹുദാ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളോളം നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ ചെറിയ തോതില്‍ നടന്നിരുന്ന മമ്പുറം ആണ്ടുനേര്‍ച്ച ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമാണ് വിപുലമായ രീതിയില്‍ സംഘടിപ്പിച്ചുതുടങ്ങിയത്.
നേര്‍ച്ചയുടെ അവസാന ദിനമായ ഇന്നലെ നടന്ന ഒരു ലക്ഷത്തിലേറെ  പേര്‍ക്കുള്ള അന്നദാനത്തിനുള്ള സര്‍വ്വ സജ്ജീകരണങ്ങളും ചെയ്തത് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളാണ്.
പാചകത്തിനുള്ള അരി കഴുകുന്നത് മുതല്‍ പാചകം ചെയ്ത് ചെറിയ കണ്ടെയ്‌നറുകളില്‍ നിറക്കുന്നത് വരെ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങള്‍. പത്തും പന്ത്രണ്ടും പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആയിരത്തി അറുനൂറില്‍ പരം വരുന്ന വിദ്യാര്‍ഥികള്‍ അന്നദാനത്തിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്. പന്ത്രണ്ട് പേരുള്ള ഒരു ഗ്രൂപ്പിന് ആറു ചെമ്പുകള്‍ എന്ന കണക്കിലായിരുന്നു പാക്കിംഗ് ജോലികള്‍. നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ ലോറികളില്‍ നിറച്ച് മമ്പുറത്തെത്തിക്കുന്നത് വരെ വിദ്യാര്‍ഥികളുടെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതലാളുകള്‍ പങ്കെടുക്കുന്ന അന്നദാനം ഇന്നലെ വിജയകരമായി സമാപിച്ചപ്പോള്‍ ഏറെ പ്രശംസയര്‍ഹിക്കുന്നത് ഈ വിദ്യാര്‍ഥികളും ഒരു രാവും പകലുമായി അവര്‍ നടത്തുന്ന അധ്വാനങ്ങളുമാണ്.
4. സംതൃപ്തിയോടെ മമ്പുറം നിവാസികള്‍
ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങുമ്പോള്‍ മമ്പുറം നിവാസികള്‍ പൂര്‍ണ്ണ സംതൃപ്തിയിലാണ്. ഒരാഴ്ചക്കാലം നീണ്ടു നിന്ന നേര്‍ച്ചയുടെ വിവിധ പരിപാടികളില്‍ സംഗമിക്കാനെത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സര്‍വ്വ സൗകര്യങ്ങളും ഒരുക്കാനായതിന്റെ ആത്മ സംതൃപ്തിയിലാണ് മമ്പുറത്തുകാര്‍. നേര്‍ച്ചക്ക് കൊടികയറ്റിയത് മുതല്‍ അവസാന ഖത്മ് ദുആ മജ്‌ലിസ് വരെ വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ സേവന നിരതരായിരുന്നു. ഗതാഗത നിയന്ത്രണം, അന്നദാനം തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ സന്നദ്ധ സേവനമൊരുക്കി ഇഹ്‌സാസുല്‍ ഇസ്ലാം  സംഗവും പ്രാദേശിക സ്വാഗത സംഗവും വിശ്വാസികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനായതിന്റെ  സന്തോഷത്തിലാണ്.
5. സേവനനിരതരായി പോലീസും ട്രോമോ കെയര്‍ വളണ്ടിയേഴ്‌സും
മമ്പുറംനേര്‍ച്ചയുടെ സുഖമമായ നടത്തിപ്പിന് സര്‍വ്വ സന്നാഹങ്ങളുമൊരുക്കി നിയമപാലകരും മലപ്പുറം യൂണിറ്റ് ട്രോമോ കെയര്‍ വളണ്ടിയേഴ്‌സും
തിരൂരങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ദേവദാസ് സി.എമിന്‍റെയും  കൊണ്ടോട്ടി പോലീസ് ഇന്‍സ്പെകടര്‍ മുഹമ്മദ് ഹനീഫയുടെയും
നേതൃത്വത്തിലുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള നൂറിലധികം
പോലീസ് സേനയാണ് മുഴുവന്‍ സമയവും സമാധാന പാലനവുമായി രംഗത്തുണ്ടായിരുന്നത്.
സ്ത്രീകളെ നിയന്ത്രിക്കുന്നിതനായി വനിതാ പോലീസുകാരും ട്രോമോ കെയറിന്റെ വനിതാ വളണ്ടിയേഴ്‌സുമുണ്ടായിരുന്നു. കൂടാതെ ഫയര്‍ഫോയ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക ചികിത്സക്കാവശ്യമായ സജ്ജീകരങ്ങളുമായി  ചെമ്മാട്ടെയും വി.കെ പടിയിലെയും  എന്‍.എം.എസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവുമുണ്ടായിരുന്നു.
6. തീര്‍ത്ഥാടകരുടെ ദാഹമകറ്റാന്‍ ഇത്തവണയും
ഓമച്ചപ്പുഴ എസ്.കെ.എസ്.എസ്.എഫ്
മമ്പുറം: ചുട്ടുപൊള്ളുന്ന വെയിലില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസത്തിന്റെ ദാഹജലം പകര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍.
ഓമച്ചപ്പുഴ ചുരങ്ങര ടൗണ്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരാണ് മമ്പുറത്ത് സൗജന്യമായി ശീതളപാനീയം വിതരണം ചെയതത്.
കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നടത്തിവരുന്ന ദാഹജല വിതരണം ഇന്നലെയും തുടരുകയായിരുന്നു. പത്ത് ചാക്ക് പഞ്ചസാര, അഞ്ച് ചാക്ക് ചെറുനാരങ്ങയും ഉപയോഗിച്ചാണ് കുടിനീരൊരുക്കിയത്. നേര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായതോടെ വര്‍ഷാവര്‍ഷം തുടരുകയായിരുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
നാട്ടിലെ പ്രവര്‍ത്തകരാണ് ഇതിനു ചെലവ് വരുന്ന ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ചത്. വൈകുന്നേരം വരെ തുടര്‍ന്ന വിതരണം തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് ഏറെ ആശ്വാസമായതിനാല്‍ വരും വര്‍ഷങ്ങളിലും തുടരുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

Sharing is caring!