സര്‍വ്വകലാശാലകള്‍ അക്കാദമിക് സംവാദങ്ങളുടെ കേന്ദ്രങ്ങളാക്കണം:ടി.പി.അഷ്‌റഫലി

സര്‍വ്വകലാശാലകള്‍  അക്കാദമിക് സംവാദങ്ങളുടെ കേന്ദ്രങ്ങളാക്കണം:ടി.പി.അഷ്‌റഫലി

കാസര്‍കോട്: സര്‍വ്വകലാശാലകള്‍ വിദ്യാഭ്യാസ ചര്‍ച്ചകളുടെയും അക്കാദമിക സംവാദങ്ങളുടെയും കേന്ദ്രങ്ങളാകാന്‍ അനുവദിക്കണമെന്നും വര്‍ഗ്ഗീയതയുടെയും പകപോക്കലിന്റെയും രാഷ്ട്രിയത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്‌റഫലി പറഞ്ഞു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കാവി വല്‍കരണത്തിനെതിരെ എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വം നിലനിര്‍ത്താന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയ പാരമ്പര്യമാണ് രാജ്യത്തെ ക്യാമ്പസുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുള്ളത്. അതിന് വിരുദ്ധമായി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയെ വര്‍ഗ്ഗീയതയുടെയും ദലിത് ന്യൂനപക്ഷ പകപോക്കലിന്റെയും ആയുധമാക്കാന്‍ ആര്‍.എസ്.എസ്. ശ്രമിച്ചാല്‍ കേരളത്തില്‍ അത് അനുവദിക്കില്ലെന്നും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായ പ്രൊഫ.ജി.ഗോപകുമാര്‍ ആര്‍.എസ്.എസിന്റെ പാവയായി കഴിഞ്ഞെന്നും അഷ്‌റഫലി പറഞ്ഞു. യൂണിവേഴ്‌സിറ്റിയെ കാവിവത്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് ഇടപെടലുകള്‍ നടത്താത്തത് മതേതര മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കേരള ജനതയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാവിവത്കരണം തടയാന്‍ മുന്നോട്ടു വന്നാല്‍ എം.എസ്.എഫിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അഷ്‌റഫലി കൂട്ടിച്ചേര്‍ത്തു . ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി അസീസ് കളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ടി.വി. കുഞ്ഞബ്ദുള്ള , പി.വൈ.ആസിഫ് എന്നിവര്‍ സംസാരിച്ചു. ഖാദര്‍ ആളൂര്‍ സ്വാഗതവും ഇര്‍ഷാദ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു. അസറുദീന്‍ മണിയനോടി, സിദ്ധീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാര്‍, സവാദ് അംഗഡിമുഗര്‍, അഷ്‌റഫ് ബോവിക്കാനം, സൈഫുദ്ധീന്‍ തങ്ങള്‍, ബാസിം ഗസ്സാലി, വാസിം, ബിലാല്‍,നാസര്‍, ദില്‍ഷാദ്, സഹല്‍, ശിഹാബ്, അഹമ്മദ്, സലിം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Sharing is caring!