പഴയ പത്രങ്ങള്‍ ശേഖരിച്ച് ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് കമ്മറ്റി ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചത് 2.52 ലക്ഷം രൂപ

പഴയ പത്രങ്ങള്‍ ശേഖരിച്ച് ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് കമ്മറ്റി ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചത് 2.52 ലക്ഷം രൂപ

മലപ്പുറം: പഴയ പത്രങ്ങള്‍ ശേഖരിച്ച് ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് സ്വരൂപിച്ചത് 2.52 ലക്ഷം രൂപ.
ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് സക്രട്ടറി
ഇല്യാസ് സി ആയിഷയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.

പത്രം സ്വരൂപിച്ച രീതിയെ കുറിച്ചു ഇല്യാസ് സി ആയിഷ കുറിപ്പ് താഴെ:

കഴിഞ്ഞ ആഗസ്റ്റ് 22 മുതല്‍ 29 വരെ നൂറ് കേന്ദ്രങ്ങളില്‍ അയ്യായിരത്തോളം വീടുകള്‍ സന്ദര്‍ശിച്ചാണ് പത്രങ്ങള്‍ ശേഖരിച്ചത്. ഇവയില്‍ പകുതിയിലധികം വീടുകളില്‍ നിന്നും പത്രം ലഭിച്ചു. പഴയ പത്രങ്ങളുള്ള എല്ലാവരും തന്നെ അവ തരാന്‍ തയ്യാറായി. സംഘടനാ പ്രവര്‍ത്തനത്തിലെ ആവേശകരമായ ക്യാമ്പയിനായി ഇത് മാറി.

അഞ്ച് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും വരുന്ന ബ്ലോക്ക് പരിധിയില്‍ എല്ലായിടങ്ങളിലും പ്രളയത്തിന്റെ കെടുതികള്‍ ഉണ്ടായതാണ്. ആറായിരത്തോളം വീടുകളിലും നഗരത്തിലെ നാല് ആശുപത്രികളടക്കം ഒട്ടേറെ സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. പ്രധാന റോഡുകളിലെല്ലാം രണ്ട് ദിവസത്തോളം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു.

വീടുകളുടെ ശുചീകരണമടക്കം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാതെയാണ് ക്യാമ്പയിന്‍ നടത്തിയത്. മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവ് കിട്ടുന്ന സമയം ഉപയോഗിച്ച് വ്യത്യസ്ത ദിവസങ്ങളിലായിരുന്നു ഓരോയിടങ്ങളിലും പത്രങ്ങള്‍ ശേഖരിച്ചത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്നവ യൂണിറ്റ് കേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിന്ന് ലഭ്യമാകുന്ന വാഹനത്തില്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

പത്ര ശേഖരണ ക്യാമ്പയിന്‍ ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. കൊല്ലത്തും തൃശൂരും കോഴിക്കോട്ടും കണ്ണൂരും പ്രവര്‍ത്തനം തുടങ്ങി. അവരെയെല്ലാം ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് കമ്മറ്റിക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

ആവേശം നല്‍കി കൂടെ നിന്നവരുണ്ട്. ആശങ്കകള്‍ പങ്ക് വെച്ചവരുണ്ട്, പലയിടങ്ങളില്‍ നിന്നും വിളിച്ച് അന്വേഷിച്ചവരുണ്ട്, സഹായമായ് ഞങ്ങളോട് ചേര്‍ന്ന് നിന്ന കുറേ വീടുകളിലെ പേരറിയാത്ത മുഖങ്ങളുണ്ട്, ഓണവും പെരുന്നാളുമെല്ലാം മാറ്റി വെച്ച യൂണിറ്റുകളിലെ ഞങ്ങളുടെ സഖാക്കളുണ്ട്.. കെ.എസ്സ്.എം.എയുടെ ഷരീഫ്ക്കയടക്കമുള്ള ഭാരവാഹികളുണ്ട്. എല്ലാവരേയും സ്‌നേഹം കൊണ്ട് ചേര്‍ത്ത് നിര്‍ത്തുന്നു..

ഇല്യാസ് സി ആയിഷ
സെക്രട്ടറി
ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക്

Sharing is caring!