കുറ്റിപ്പാലയിലെ സദാചാര ഗുണ്ടായിസം: യുവാവ് തൂങ്ങിമരിച്ച കേസില്‍ മര്‍ദിച്ച പ്രതികള്‍ ഒളിവില്‍

കുറ്റിപ്പാലയിലെ സദാചാര ഗുണ്ടായിസം: യുവാവ് തൂങ്ങിമരിച്ച കേസില്‍ മര്‍ദിച്ച പ്രതികള്‍ ഒളിവില്‍

മലപ്പുറം: ആള്‍ക്കൂട്ട മര്‍ദനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ബന്ധുക്കളായ നാലുപേരെ പോലീസ് ചോദ്യം ചെയ്തു. യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴിപ്രചരിപ്പിച്ചതായി സംശയിക്കുന്ന മൂന്നുപേരുടെ മൊബൈല്‍ ഫോണുകളും ഇന്നലെ പരിശോധിച്ചു. മോഷണകുറ്റം ആരോപിച്ചാണ് കുറ്റിപ്പാല സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദിനെ(23) ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കുകയുംഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത്. സോഷ്യല്‍മീഡിയ വഴി കെട്ടിയിട്ട് മര്‍ദിക്കുന്ന ഫോട്ടോകള്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്നാണു ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയത്.
ഇതിനാല്‍ നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നിലവില്‍ ഇത് ആത്മഹത്യാപ്രേരണക്കേസാക്കി മാറ്റിയിട്ടുണ്ട്. തിരൂര്‍ സി.ഐ: ടി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലാണ് ഇന്നലെ യുവാവിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തത്. യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ഫോട്ടോകള്‍ വ്യാപകമായ പ്രചരിപ്പിച്ച യുവാക്കളെ വളിച്ചുവരുത്തിയാണ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചത്. അതേ സമയം യുവാവിനെ മര്‍ദിച്ച പ്രതികളെല്ലാം നിലവില്‍ ഒളുവിയാണ്. പ്രതികളെ തേടി പോലീസ് ഇവരുടെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
തിരൂര്‍ ഡിവൈ.എസ്.പി ബിജുഭാസ്‌കറിന്റെ നേത്യത്വത്തില്‍ അന്വേഷണം നടത്തുന്നത്. സാജിദിന്റെ ബന്ധുക്കളുടെ പരാതിപ്രകാരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സാജിദിന്റെ സഹോദരന്‍ അടക്കമുള്ളവരുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസംതന്നെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് ഇന്നലെ ചില ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴിലെടുത്തത്.
സാജിദിനെ കെട്ടിയിട്ട് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം കല്‍പ്പകഞ്ചേരി പോലിസിനെതിരെ സാജിദിന്റെ സഹോദരനും ബന്ധുക്കളും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പരാതി സ്വീകരിച്ചില്ലെന്നും പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അപമാനിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. പോലിസില്‍ നിന്ന് നടപടിയുണ്ടാകാത്തതിന്റെ മനോവിഷമം കൂടി സാജിദിന്റെ മരണത്തിനിടയാക്കിയെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ യുവജനകമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

Sharing is caring!