പി.വി അന്‍വര്‍ എം.എല്‍യുടെ വാട്ടര്‍തീം പാര്‍ക്കില്‍ എട്ടിടത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

പി.വി അന്‍വര്‍ എം.എല്‍യുടെ  വാട്ടര്‍തീം പാര്‍ക്കില്‍ എട്ടിടത്ത്  ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

നിലമ്പൂര്‍: സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെയും രണ്ടാം ഭാര്യ ഹഫ്‌സത്തിന്റെയും ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പീവീആര്‍ നാച്വറോ വാട്ടര്‍്തീം പാര്‍ക്കില്‍ എട്ടിടത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ജൂണിലെ കനത്ത മഴയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണവിഭാഗം അടപ്പിച്ച പാര്‍ക്കിലാണ് വ്യാപകമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. കൈക്കോട്ടും ജെ.സി.ബിയും കടന്നുചെല്ലാത്ത കാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത് മണ്ണിടിച്ചിട്ടും ക്വാറി നടത്തിയിട്ടുമാണോ എന്ന് പി.വി അന്‍വര്‍ നിയമസഭയില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. പ്രധാന നീന്തല്‍കുളത്തിനു താഴെ, കുട്ടികളുടെ പാര്‍ക്കിനു താഴെ, ജനറേറ്റര്‍ മുറിയുടെ സമീപം അടക്കം 11 ഏക്കറിലെ പാര്‍ക്കില്‍ പലയിടങ്ങളിലായാണ് വ്യാപകമായി മണ്ണിടിഞ്ഞിട്ടുള്ളത്. പാര്‍ക്കിലെ താല്‍ക്കാലിക റോഡും മണ്ണിടിച്ചിലില്‍ തകര്‍ന്നിട്ടുണ്ട്.

പാര്‍ക്കിലെ കുളങ്ങളിലെ വെള്ളം നീക്കം ചെയ്തുവെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പി.വി അന്‍വര്‍ നീന്തല്‍കുളങ്ങളിലെ വെള്ളം ഒഴിവാക്കിയിട്ടിമില്ല. പാര്‍ക്കിലെ നീന്തല്‍കുളത്തിനും കെട്ടിടത്തിനും ബലക്ഷയമോ വിള്ളലുകളോ ഉണ്ടെന്നത് വ്യക്തമല്ല. ദുരന്തനിവാരണ വിഭാഗത്തിന്റെ സ്‌റ്റോപ് മെമ്മോയെതുടര്‍ന്ന് അടച്ചിട്ട പാര്‍ക്കില്‍ ഒരുതരത്തിലുള്ള പരിശോധനക്കും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ജൂണ്‍ 13, 14 തിയ്യതികളിലുണ്ടായ കനത്ത മഴയില്‍ വാട്ടര്‍തീം പാര്‍ക്കില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായിരുന്നു. പാര്‍ക്കിലെ പ്രധാന നീന്തല്‍ക്കുളത്തിനു താഴെയും ജനറേറ്റര്‍ സ്ഥാപിച്ച കെട്ടിടത്തിനു സമീപവുമാണ് അന്ന് ഉരുള്‍പൊട്ടലുണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഉരുള്‍പൊട്ടല്‍ വിവരം പുറംലോകത്തെ അറിയിച്ചത്.

11 ഏക്കറുള്ള പാര്‍ക്കിലെ പ്രധാന നീന്തല്‍ക്കുളത്തിനു താഴ്്ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ പാറക്കഷ്ണങ്ങളും മരങ്ങളും കടപുഴകിവീണ് വെള്ളവും ചെളിയും കുത്തിയൊലിച്ച് മലമുകളില്‍ നിന്നും 200 മീറ്ററോളം താഴ്ചയില്‍ പാര്‍ക്കിലേക്ക് വെള്ളം പമ്പുചെയ്യുന്ന കുളത്തില്‍ പതിച്ചിരുന്നു. കുളത്തിന്റെ പകുതിയോളം ചെളിയും പാറയുമടിഞ്ഞ് മൂടി. പാര്‍ക്കിലേക്ക് വെള്ളം പമ്പുചെയ്തിരുന്ന മോട്ടോറുകളും പൈപ്പുകളുമെല്ലാം തകര്‍ന്നു. ജനറേറ്റര്‍ സ്ഥാപിച്ച കെട്ടിടത്തിന് സമീപത്തുനിന്നും വ്യാപകമായി മണ്ണിടിച്ച് കുത്തിയൊലിച്ച് താഴെയുണ്ടായിരുന്ന റോഡും പിളര്‍ന്നാണ് 80 മീറ്റര്‍ തീഴ്ചയിലേക്കു പതിച്ചത്.
സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ മലയുടെ വശം ഇടിച്ച് നിര്‍മ്മിച്ച വാട്ടര്‍തീം പാര്‍ക്ക് ഇതോടെ ദുരന്തഭീതി വിതക്കുകയാണ്. നിയമവിരുദ്ധമായി നിര്‍മ്മിച്ച പാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നെന്ന പരാതി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ജില്ലാ കളക്ടറും തള്ളിക്കളഞ്ഞിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം ഇവിടെ ദുരന്തസാധ്യതയില്ലെന്നാണ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ മണ്ണിടിച്ചില്‍ സാധ്യതയുള്ള ഹൈ, മീഡിയം സൊണേഷനിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്നു റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ ദുരന്തനിവാരണ സമിതി പിന്നീട് വീണ്ടും സര്‍വേ നടത്തി പാര്‍ക്ക് മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തില്ലെന്ന് സ്ഥാപിച്ച് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. കളക്ടറുടെയും ജില്ലാ ദുരന്തനിവാരണ സമിതിയുടെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ പരമ്പരയോടെ കടലാസുവിലയായി.

Sharing is caring!