കൊണ്ടോട്ടിയില്‍ പോലീസ് ക്രൂരത; ഹൃദ്രോഗിയെ മര്‍ദിച്ച് കൈ ഒടിച്ചു

കൊണ്ടോട്ടിയില്‍ പോലീസ് ക്രൂരത; ഹൃദ്രോഗിയെ മര്‍ദിച്ച് കൈ ഒടിച്ചു

മലപ്പുറം: മോഷണ കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ഹൃദ്രോഗിക്ക് നേരെ പോലീസ് ക്രൂരത. കൊണ്ടോട്ടി മല്‍സ്യ മാര്‍ക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത മല്‍സ്യ കച്ചവടക്കാരന്‍ കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കുഞ്ഞിമൂസയാണ് പോലീസ് മര്‍ദിച്ചുവെന്ന് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.

തുറക്കല്‍ സ്വദേശി അമീറലിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ രോഗ വിവരം അറിയാനെത്തിയതാണ് കുഞ്ഞിമൂസ. വീട്ടില്‍ ആരും ഇല്ലാത്തതിനെ തുടര്‍ന്ന് അദ്ദേഹം തിരിച്ചു പോന്നു. എന്നാല്‍ അന്ന് രാത്രി ആ വീട്ടില്‍ കള്ളന്‍ കയറുകയും, മോഷണം നടക്കുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങളില്‍ കുഞ്ഞിമൂസ ചെന്ന് തിരിച്ചു പോരുന്നതും, രാത്രി മുഖംമൂടി കള്ളനെത്തുന്നതും വ്യക്തമാണ്.

മോഷണം നടത്തിയ ആളെ കുഞ്ഞിമൂസയ്ക്ക് അറിയാമെന്ന് പറഞ്ഞാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റില്‍ ടാക്‌സി കാറില്‍ മഫ്തിയിലെത്തിയ മൂന്ന് പോലീസുകാര്‍ കുഞ്ഞുമൂസയെ കസ്റ്റഡിയിലെടുക്കുന്നത്. കാറില്‍ വെച്ച് തന്നെ മര്‍ദനം തുടങ്ങിയ പോലീസുകാര്‍ പിന്നീട് സ്റ്റേഷനിലെത്തിച്ച ശേഷം പുറകു വശത്തുള്ള ഒരു മുറിയില്‍ കൊണ്ടുപോയി ലൈറ്റുകള്‍ അണച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൈ പുറകില്‍ കെട്ടിയ ശേഷമായിരുന്നു മര്‍ദനം.

കുറ്റം ഏറ്റെടുക്കണമെന്നും, അല്ലെങ്കില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തി പത്ത് വര്‍ഷം തടവു ലഭിക്കുന്ന വകുപ്പില്‍ അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കുഞ്ഞിമൂസ ആരോപിച്ചു. പോലീസുകാര്‍ മദ്യപിച്ചിരുന്നതായും,വീട്ടുകാരെ പോലും കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലി അക്ബര്‍ പറഞ്ഞു. ചോദ്യം ചെയ്ത ശേഷം പ്രദേശത്തെ ഒരാളെ വിളിച്ചാണ് കുഞ്ഞി മൂസയെ കൂട്ടി കൊണ്ടു പോകാന്‍ പറഞ്ഞത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Sharing is caring!