മലബാര്‍ മേഖലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ആദരം

തിരൂര്‍: കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിശേഷിപ്പിച്ച കടലിന്റെ മക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് താങ്ങും തണലുമായ മലബാര്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും ആഭിമുഖ്യത്തില്‍ ആദരിച്ചത്. തിരൂര്‍ കൂട്ടായി ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
പ്രളയത്തില്‍പ്പെട്ട ആറായിരത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെയും അല്ലാതെയും നിരവധി മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളുള്‍പ്പെടെ വിട്ട് നല്കി രക്ഷാ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായത്. ഇതോടെ അവര്‍ ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുകയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നഷ്ടമായ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്കി. തന്റെ മുതുക് ചവിട്ട് പടിയാക്കി ദുരന്ത മുഖത്ത് ശ്രദ്ധേയനായ ജൈസലുള്പ്പടെ 600 ലേറെ മത്സ്യത്തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്.
സോഷ്യല്‍ മീഡിയകളിലും മറ്റുമായി ചുറ്റുപാടുകളുമായി ബന്ധമില്ലെന്ന് യുവ തലമുറയെക്കുറിച്ച് പരിഭവം പറയുന്നവര്‍ക്കുള്ള മറുപടിയായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അവരുടെ അവസരോചിതമായ ഇടപെടലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത്സ്യത്തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. കൂടാതെ താനൂരിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അബ്ദുല്‍ ഖാദര്‍ ഷരീഫ ദമ്പതികളുടെ മകള്‍ റഹ്ഫത്തിനെയും ചടങ്ങില്‍ ആദരിച്ചു.
ഉന്നതവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അദ്ധ്യക്ഷനായിരുന്നു. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് സമൂഹത്തിലുണ്ടായിരുന്ന പൊതുധാരണ പ്രളയത്തോടെ മാറിയതായി അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അഭിപ്രായക്കാരാണെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഈ പ്രളയം ലോകത്തിന് നല്കിയ സന്ദേശമെന്ന് ചടങ്ങില്‍ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ചടങ്ങില്‍ എം.എല്‍.എമാരായ ഹമീദ് മാസ്റ്റര്‍, പി.കെ അബ്ദുറബ്ബ്, വി അബ്ദുറഹിമാന്, സി മമ്മൂട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, എ.ഡി.എം വി. രാമചന്ദ്രന്, മത്സ്യഫെഡ് ചെയര്മാന് പി.പി ചിത്തരഞ്ജന്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹെറോള്‍ഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സി.പി കുഞ്ഞിരാമന്, സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് മെമ്പര്‍ ബഷീര്‍ കൂട്ടായി, മത്സ്യഫെഡ് ഭരണസമിതി അംഗം കെ.വി.എം ഹനീഫ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് അഡ്വ. നസറുള്ള, മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ്, പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അനിത കിഷോര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.പി ഷുക്കൂര്‍, വാര്‍ഡ് മെമ്പര്‍ അല്‍താഫ് ഹുസൈന്, വിവിധ ട്രേഡ് യൂണിയന് നേതാക്കളായ എം. ബാപ്പുട്ടി, ഹുസൈന് ഈസ്പാടത്ത്, എം.പി അഷ്റഫ്, കെ.പി ബാപ്പുട്ടി, സി. ഗംഗാദരന്‍, എന്നിവര്‍ സംസാരിച്ചു. ഉത്തരമേഖല ഫിഷറീസ് ജോയന്റ് ഡയറക്ടര്‍ കെ. സതീഷ്കുമാര്‍ നന്ദി പറഞ്ഞു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]