പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയിലേക്കെറിഞ്ഞ നാലാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

പിതൃസഹോദരന്‍  കടലുണ്ടിപ്പുഴയിലേക്കെറിഞ്ഞ നാലാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയിലെറിഞ്ഞ നാലാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി.
മേലാറ്റൂര്‍ എടയാറ്റൂരില്‍ മങ്കരത്തൊടി മുഹമ്മദ് സലീമിന്റെ മകന്‍ മുഹമ്മദ് ഷഹീന്റെ(ഒമ്പത്) മൃതദേഹമാണ് ഇന്ന് രാത്രി ഏഴുമണിയോടെ കൂട്ടിലങ്ങാടി നെച്ചിക്കുറ്റിക്കടവില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. അഞ്ജാത മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ മലപ്പുറം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രി പത്തോടെ ആനക്കയം പാലത്തു നിന്ന് ജീവനോടെ ഷഹീനെ പുഴയിലേക്ക് എറിയുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി പിതാവുമായി വിലപേശി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു മുഹമ്മദിന്റെ ലക്ഷ്യം. കുട്ടിയുടെ പിതാവ് മൃതദേഹം മകന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഡി.എന്‍.എ പരിശോധനക്ക് ശേഷമെ മൃതദേഹം
മുഹമ്മദ് ഷഹീന്റെതാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.

കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് മാഫിയയുടെ സ്ഥിരം കാരിയറായി പ്രവര്‍ത്തിക്കാറുള്ള കുട്ടിയുടെ പിതാവും പ്രതിയുടെ സഹോദരനുമായ മങ്കരത്തൊടി മുഹമ്മദ് സലീം സ്വര്‍ണക്കടത്ത് മാഫിയക്കുവേണ്ടി ഗള്‍ഫില്‍നിന്നും കടത്തിക്കൊണ്ടുവന്ന മൂന്നുകിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചതായി പറഞ്ഞ് മാഫിയയെ ധരിപ്പിച്ചുവെന്നും ഈ സ്വര്‍ണം വിറ്റ പണത്തില്‍നിന്നും അഞ്ചുലക്ഷം രൂപ വിലപേശി വാങ്ങാനാണ് താന്‍ സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയതെന്നും പിടിയിലായ പ്രതി മങ്കരത്തൊടി മുഹമ്മദ് (48) പോലീസിന് മൊഴി നല്‍കിയത്.

പിന്നീട് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് കഴിഞ്ഞ 13ന് താന്‍ മകനായ മുഹമ്മദ് ഷഹീനെ പുഴയിലേക്കെറിഞ്ഞതെന്നും മുഹമ്മദ് മൊഴി നല്‍കി.
കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് മാഫിയയുടെ സ്ഥിരം കാരിയറായി പ്രവര്‍ത്തിക്കാറുള്ള സഹോദരനെതിരെ നിലവില്‍ കസ്റ്റംസില്‍ കേസുകളുണ്ട്.

നിരവധി തവണ സ്വര്‍ണക്കടത്ത് കാരിയറായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ആദ്യമായാണ് ഇത്തരത്തില്‍ മാഫിയയെ കബളിപ്പിച്ച് സ്വര്‍ണം കടത്തിയതെന്നും പോലീസ് പറഞ്ഞു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസിനെ കബളിപ്പിച്ചാണു പുറത്തുകൊണ്ടുവന്നത്. ഈ സ്വര്‍ണത്തിന് നാട്ടില്‍ 80ലക്ഷംരൂപയോളം വിലവരും. ഈ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തുവെന്നാണു ഇദ്ദേഹം സ്വര്‍ണം ഏല്‍പിച്ച മാഫിയകളെ അറിയിച്ചത്.

എന്നാല്‍ സംഭവം അന്വേഷിച്ച് മനസ്സിലാക്കിയ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് മാഫിയാ സംഘം ഇദ്ദേഹത്തെ പിടികൂടിയിരുന്നു. തുടര്‍ന്നു തന്റെ കയ്യിലുള്ള കുറച്ചു പണം മാഫിയക്ക് കൈമാറിയതായും പോലീസ് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഭിച്ച പണത്തിലെ ചെറിയ തുകമാത്രമാണു സഹോദരന്‍ സ്വര്‍ണക്കടത്ത് മാഫിയക്ക് കൈമാറിയിട്ടുള്ളുവെന്ന് മനസ്സിലാക്കിയ സഹോദരന്‍ അഞ്ചുലക്ഷം രൂപ ആഗ്രഹിച്ചാണ് മകനെ തട്ടിക്കൊണ്ടുപോകാനും വിലപേശാനും തീരുമാനിച്ചത്. മകനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് മാഫിയാ സംഘമാണെന്ന് വരുത്തിത്തീര്‍ക്കുകയും ശേഷം തന്റെ കയ്യില്‍ പണം ഏല്‍പിച്ച് കൈമാറാനും പറയാനാണു ഉദ്ദേശിച്ചത്.

ഇരുവര്‍ക്കും ഇടയിലുള്ള ഇടനിലാക്കാരനാണ് താനെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ മൊഴികളെല്ലാം വിശ്വാസ്യതയുള്ളതായാണ് ബോധ്യപ്പെടുന്നതെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടംവഹിക്കുന്ന പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: എം.പി മോഹനചന്ദ്രന്‍ പറഞ്ഞു.

കടലുണ്ടിപ്പുഴയിലും ഇന്നലെ കടലിലുംവരെ പോലീസും തീരദേശ പോലീസും ഫിഷറീസ് വകുപ്പും കടലോര ജാഗ്രതാസമിതിയുംവരെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല, പിന്നീടാണ് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്.
.എടയാറ്റൂര്‍ ഡി.എന്‍.എം.എ.യു.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാവ്: ഹസീന. സഹോദരന്‍: മുഹമ്മദ് ഷഹല്‍.

Sharing is caring!