സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് പി.കെ ഫിറോസ്

സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് പി.കെ ഫിറോസ്

മലപ്പുറം: രൂക്ഷമായ വെള്ളപ്പൊക്കം മൂലം വീടൊഴിഞ്ഞു പോകേണ്ടി വന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. . വിദേശ രാജ്യങ്ങളില്‍ നിന്നും ദുരിത ബാധിതരെ സഹായിക്കാന്‍ വേണ്ടി കേരളത്തിലേക്ക് എത്തിയിട്ടുള്ള അവശ്യ വസ്തുക്കള്‍ സര്‍ക്കാരിന്റെ പിടിപ്പ് കേട് മുലം കാര്‍ഗോ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. അതേസമയം വെള്ളം കയറി വീട്ടിലുള്ളതെല്ലാം നശിച്ച് പോയത് കാരണം അവശ്യ വസ്തുക്കള്‍ ഇല്ലാതെ ദുരിത ബാധിതര്‍ വളരെയധികം പ്രയാസത്തിലുമാണ്. കെട്ടിക്കിടക്കുന്ന വസ്തുക്കള്‍ എത്രയും പെട്ടെന്ന് ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഭക്ഷണ സാധനങ്ങളെല്ലാം ഇതിനകം നശിച്ച് തുടങ്ങിയെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിതരണം ചെയ്യാനായി വിദേശത്തും നിന്നും അയച്ച സാധനങ്ങള്‍ സര്‍ക്കാരിന് മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന പിടിവാശി സാധനങ്ങള്‍ നശിക്കാന്‍ ഇടവരുന്ന സാഹചര്യം ഉണ്ടാവരുത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25000/ മുന്‍സിപ്പാലിറ്റി വാര്‍ഡുകള്‍ക്ക് 50000/ എന്ന പൊതു നിബന്ധന പ്രായോഗികമല്ല. എല്ലാ വാര്‍ഡുകളിലേക്കും ഒരേ തുക എന്നത് മാറ്റി നഷ്ടത്തിന്റെ തോതനുസരിച്ച് തുക അനുവദിക്കണം.
മുഖ്യമന്ത്രിയെ മഹത്വവത്കരിക്കുന്ന പി.ആര്‍ വര്‍ക്കുകള്‍ നിര്‍ത്തി പുനരധിവാസ പ്രര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വീട് റിപ്പയറും പുനര്‍ നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ റവന്യൂവില്‍ നിന്നും മാറ്റി പ്രാദേശിക ഗവണ്‍മെന്റുകളായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണം. ഇതിനായി വാലിഡേഷന്‍ ഒഴിവാക്കി പദ്ധതി ഭേദഗതി ചെയ്യണം. പതിനായിരം രൂപ ദുരിതബാധിതര്‍ക്ക് അടിയന്തിരമായി അനുവദിക്കുമെന്ന പ്രഖ്യാപനം നാളിത് വരെയായി നടപ്പിലാക്കിയിട്ടില്ല 25000/ രൂപയെങ്കിലും എത്രയും പെട്ടന്ന് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ക്യാമ്പില്‍ താമസിച്ചവരെയും മറ്റ് സ്ഥലങ്ങളില്‍ താമസിച്ചവരെയും തുക അനുവദിക്കുന്നതില്‍ വേര്‍തിരിവ് കാണിക്കാന്‍ പാടില്ല. ജീവിത വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
ഡാമുകള്‍ തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗങ്ങളില്‍ നടന്ന ചര്‍ച്ചയുടെ മിനുട്സ് പുറത്ത് വിടണം. ഡാമുകള്‍ തുറക്കുമ്പോള്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ഇത് സംബന്ധിച്ച് കോടതിയുടെ മേല്‍ നോട്ടത്തില്‍ വിദഗ്ദരെ ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കും. സംസ്ഥാനത്തെ ഡാം മാനേജ്മെന്റ് സിസ്റ്റം ഏകീകരിക്കണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെടുന്നു. ഡാം സേഫറ്റി അതോറിറ്റിയുടെ ചെയര്‍മാന്‍ ഇപ്പോള്‍ റിട്ട. ജഡ്ജിയാണ് അദ്ദേഹത്തെ മാറ്റി ഡെല്‍ഹിയിലേയോ കാണ്‍പൂരിലേയോ തുടങ്ങി ഐ.ഐ.ടിയിലെ വിദഗ്ദരെ നിയമിക്കാന്‍ സര്‍ക്കാര് തയ്യാറാകണം.
പ്രളയമേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുസ്ലിം യൂത്ത് ലീഗിന്റെ വളണ്ടിയര്‍ വിംഗായ വൈറ്റ് ഗാര്‍ഡ് സജീവമായി രംഗത്തിറങ്ങുകയുണ്ടായി, സംസ്ഥാനത്തുടനീളം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ വിഭവ സമാഹരണം നടത്തി ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും എത്തിച്ച് കൊടുത്തു. സംസ്ഥാന കമ്മറ്റി നേരിട്ട് ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 18ലക്ഷം രൂപയുടെ വിഭവങ്ങള്‍ വിതരണം ചെയ്തു. വിവിധ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ശാഖ കമ്മറ്റികള്‍ മുഖേന 3കോടി 55ലക്ഷം രൂപയുടെ വിഭവങ്ങല്‍ ക്യാമ്പുകളിലും വീടുകളിലും വിതരണം ചെയ്തു. സംസ്ഥാന കമ്മറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 3114 വീടുകള്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ വ്യത്തിയാക്കി. പ്രാദേശിക കമ്മറ്റികള്‍ മുഖേന പതിനായിരത്തിലധികം വീടുകളും വ്യത്തിയാക്കുകയുണ്ടായി.

Sharing is caring!