പെന്‍ഷന്‍ നിഷേധം: സര്‍ക്കാര്‍ വെളിവാക്കുന്നത് ക്രൂരമുഖം മുസ്ലിംലീഗ്‌ പ്രക്ഷോഭത്തിന്

പെന്‍ഷന്‍ നിഷേധം:  സര്‍ക്കാര്‍ വെളിവാക്കുന്നത് ക്രൂരമുഖം  മുസ്ലിംലീഗ്‌ പ്രക്ഷോഭത്തിന്

 

മലപ്പുറം: പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സാധാരണക്കാരും നിരാലംബരുമായ ജനങ്ങളെ തീരാ ദുരിതത്തിലാക്കുന്ന സാഹചര്യമാണ് പെന്‍ഷന്‍ നിഷേധത്തിലൂടെ സര്‍ക്കാര്‍ വരുത്തിവെക്കുന്നതെന്നും ഇതിനെതിരെമുസ്ലിംലീഗ്‌ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് എന്നിവര്‍ പറഞ്ഞു. ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി കാണിച്ചും സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്തവരെ കാറുടമകളാക്കിയുമാണ് പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും പതിനായിരങ്ങളെ സര്‍ക്കാര്‍ പുറത്താക്കിയിരിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച് തദ്ദേശ സ്ഥാപന ഭരണസമിതികള്‍ പാസ്സാക്കിയ ഗുണഭോക്തൃ ലിസ്റ്റാണ് സര്‍ക്കാര്‍ പ്രാഥമിക പരിശോധനകള്‍ പോലും നടത്താതെയാണ് ഈ നടപടി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രണ്ടാം തവണയാണ് സാധാരണക്കാരയ പെന്‍ഷന്‍ ഗുണഭോക്താക്കളെ വെട്ടി നിരത്തുന്നത്. നേരത്തെ ആദായനികുതിയടക്കുന്നവരെന്ന് കാണിച്ചാണെങ്കില്‍ ഇന്ന് പെന്‍ഷന്‍ അന്വേഷിച്ചെത്തുന്നവരോട് താങ്കള്‍ മരിച്ചു പോയന്ന വിചിത്ര വാദമാണ് അധികൃതര്‍ക്ക് പറയാനുള്ളത്. ജനദ്രോഹ നയങ്ങളും നടപടികളുമാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇത് നോക്കിനില്‍ക്കാനാവില്ല. സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചാല്‍ പൊതുജന പ്രക്ഷോഭമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Sharing is caring!