മലപ്പുറം കലക്ടറും എസ്.പിയും ഓണം ആഘോഷിച്ചത് ദുരിതാശ്വാസ ക്യാംപുകളില്‍

മലപ്പുറം കലക്ടറും എസ്.പിയും ഓണം ആഘോഷിച്ചത് ദുരിതാശ്വാസ ക്യാംപുകളില്‍

മലപ്പുറം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കൊപ്പം ഓണമാഘോഷിച്ച് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും. ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിമങ്ങാട് യതീംഖാനയില്‍ ഉച്ചക്ക് 12.30 ഓടെയാണ് ക്യാമ്പിലെ താമസക്കാരായ കുട്ടികളുടെ ഓണക്കളികള്‍ നടക്കുന്നതിനിടെ കലക്ടര്‍ അമിത് മീണയും എസ്.പി. പ്രതീഷ് കുമാറും എത്തിയത്. തുടര്‍ന്ന് നടന്ന ചടങ്ങ് കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. സ്വന്തം വീടുകള്‍ വാസയോഗ്യമെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ക്യാമ്പ് വിട്ടാല്‍ മതിയെന്നും വീടുകളിലേക്ക് മടങ്ങിയാലും അര്‍ഹമായ എല്ലാ സഹായവും തുടര്‍ന്നും നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ദുരന്തമേഖലകളില്‍ യാത്ര, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. നഷ്ടമായ എല്ലാ രേഖകളും സമയ ബന്ധിതമായി തയ്യാറാക്കി നല്‍കും. എല്ലാവിധ നഷ്ടങ്ങളുടെയും കണക്കെടുപ്പ് സെപ്തംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്നും ഏറ്റവും വേഗത്തില്‍ നഷ്ട പരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ദുരന്തത്തില്‍ മരണപ്പെട്ടവരോടുള്ള ആദര സൂചകമായി മൗനമാചരിച്ചാണ്് ചടങ്ങ്് തുടങ്ങിയത്.
ക്യാമ്പില്‍ നിന്നും ഇന്നലെ മടങ്ങിയ വേങ്ങാട് കോളനിയിലെ നാല് കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണവും നടന്നു. ദുരന്തത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് പകരം പുതിയവ നല്‍കുന്നതിന്റെ ഉദ്ഘാടനവും നടന്നു. റേഷന്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ വിതരണം നടത്തി. ക്യാമ്പിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പുതിയ രേഖകള്‍ക്ക് അപേക്ഷ നല്‍കാന്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കിയിരുന്നു. ക്യാമ്പിലെ മുതിര്‍ന്ന അംഗങ്ങളായ 95 വയസ്സുകാരന്‍ ബല്ലിക്കും 80 വയസ്സുകാരി ചീരക്കും ഓണക്കോടിയും നല്‍കി. ക്യാംപംഗവും ദേശീയ കബഡി താരവുമായ മതില്‍ മൂല കോളനിയിലെ അഞ്ജുവിന് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സഹായത്തെക്കുറിച്ചും നടപടി ക്രമത്തെ കുറിച്ചും ആര്‍.ഡി.ഒ ഡോ.ജെ.ഒ.അരുണ്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍മാരായ തോണിക്കടവന്‍ ഷൗക്കത്ത്, പ്രമീള, തഹസില്‍ദാര്‍മാരായ സി.വി.മുരളീധരന്‍, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവര്‍ സംസാരിച്ചു
രാവിലെ തുടങ്ങിയ ക്യാംപംഗങ്ങളുടെ വിവിധ ഓണാഘോഷ മല്‍സരങ്ങള്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. വൈകീട്ടോടെ അവസാനിച്ചു. കേന്ദ്ര ഊര്‍ജജ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ.ഷക്കീല്‍ അഹമ്മദ് വിശിഷ്ടാതിഥിയായെത്തി.
ക്യാംപിലെ താമസക്കാര്‍ക്കായി വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. നാട്ടുകാര്‍, യുവജന ക്ലബ് പ്രവര്‍ത്തകര്‍, നിലമ്പൂര്‍ അമല്‍ കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!