ചന്ദ്രിക പാലക്കാട് എഡിഷനെതിരെ സത്യധാര ഗള്ഫ് എഡിറ്റര് രംഗത്ത്, ലക്ഷ്യം സുഭ്രപാതത്തിന് പാരയെന്ന്
മലപ്പുറം: മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രം പാലക്കാട് എഡിഷന് തുടങ്ങിയത് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന് പാരവെക്കുകയെന്ന ്ഉദ്ദേശത്തോടെയാണെന്ന്
സത്യധാര ഗള്ഫ് എഡിറ്റര് മിദ്ലാജ് റഹ്മാനി.
ഇതുസംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്ണ രൂപം താഴെ:
കഴിഞ്ഞ ദിവസം ചന്ദ്രികയുടെ പാലക്കാട് എഡിഷന് ഉല്ഘാടനം നടന്നല്ലൊ,അതും മലപ്പുറത്ത്!
സുപ്രഭാതം പാലക്കാട് എഡിഷന് പ്രഖ്യാപിച്ച് മാസങ്ങള് കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ജൂലായില് മാത്രം ആലോചിക്കുകയും ആഗസ്തില് തന്നെ, അതും എഡിഷന് തുടങ്ങും മുമ്പേ ധൃതിപ്പെട്ട് ഉല്ഘാടനം ചെയ്ത ചന്ദ്രികയുടെ ‘പാര’ക്കാട് എഡിഷന്റെ ‘പാര’ക്കാര്യം അറിഞ്ഞിട്ടും പറയാതെ മാറ്റിവെച്ച് ഒരു മാസമായി. പറഞ്ഞാല് നമ്മള് തെറ്റും,പറഞ്ഞില്ലെങ്കില് ഉള്ളില് കിടന്ന് നീറും എന്നത് കൊണ്ട് തല്ക്കാലം നീറ്റല് ഒഴിവാക്കാമെന്നു വെച്ചു.
നിവൃത്തികേട് കൊണ്ട് കാര്യം പറയുന്നവരെ ‘എടാ പോടാ, നീ ആരടാ’ വിളിച്ച് തീര്ക്കാവുന്നതല്ല ഇത് എന്ന് പാര്ട്ടിക്കാര് മനസ്സിലാക്കിയാല് ഇനിയെങ്കിലും ഇത്തരം പ്രശ്നങ്ങള് നമുക്കിടയില് ഇല്ലാതെ നോക്കാന് കൂടിയാണ് ഈ കുറിപ്പ് ഇപ്പോള് എഴുതുന്നത്. അല്ലെങ്കിലും ഉള്ള വോട്ടും ചട്ടിയില് ഒട്ടാതിരിക്കുന്നതല്ലേ സമുദായത്തിനും നല്ലത്!
സുപ്രഭാതം പാലക്കാട് എഡിഷന് ഒന്പത് മാസങ്ങള്ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്.സ്വന്തമായി ഓഫീസും സംവിധാനങ്ങളുമെല്ലാം പാലക്കാട്,കോയമ്പത്തൂര്,ട്രിച്ചി എന്നിവിടങ്ങളിലെല്ലാം പ്രവര്ത്തനമാരംഭിക്കുകയും ചെയ്തു.
കോയമ്പത്തൂര് മുതല് ഏര്വാടി വരെ പത്രം എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സുപ്രഭാതം പാലക്കാട് എഡിഷനെ പറ്റി ആലോചിക്കുന്നത്.അതിന് നിമിത്തമായതാകട്ടെ തൃഷ്ണാപ്പള്ളിയിലെ ഒരു പ്രമുഖ വ്യക്തി ഏതാണ്ട് എട്ടുമാസങ്ങള്ക്ക് മുമ്പ് സുപ്രഭാതത്തിലേക്ക് വിളിച്ച ഒരു ഫോണ് കോളും.
അന്ന് അദ്ദേഹം പറഞ്ഞു,ഇവിടെ മാധ്യമം മുമ്പ് വന്നിരുന്നു,ഇപ്പോള് ആ വരവ് നിന്നു. ഒരു മുസ്ലിം പൊതുപത്രത്തിന്റെ ആവശ്യമുണ്ട്. നല്ല സ്വീകാര്യത കിട്ടും.ഇനി മാധ്യമം വീണ്ടും വരികയാണെങ്കിലും ഞങ്ങള്ക്ക് വേണ്ട.ഇവിടെ കൂടുതലും കെ.എം.സി.സിയുടെയും സമസ്തയുടെയും ആളുകളാണ്.ചന്ദ്രിക അത്ര പോരാത്തത് കൊണ്ട് സുപ്രഭാതമാണ് നല്ലത്.’
ഈ ഫോണ് കോളാണ് എഡിഷന് എന്ന ചിന്തയിലേക്ക് പുരോഗമിച്ചത്. കോയമ്പത്തൂരിലെ ഖാഇദേ മില്ലത്തിന്റെ പേരിലുള്ള സ്ഥാപനത്തിന്റെ സജീവ പ്രവര്ത്തകരും ഈ ചര്ച്ച മുന്നോട്ട് പോകാന് സമ്മര്ദ്ദം ചെലുത്തി.
എന്നാല് പ്രവര്ത്തനങ്ങള് ഏറെ മുന്നോട്ട് പോയപ്പോള് ഇക്കഴിഞ്ഞ ജൂലായില് മാത്രമാണ് ചന്ദ്രിക ഇതിനെ പറ്റി ആലോചിക്കുന്നത്.പിന്നിലെ ഉദ്ദേശവും കളിച്ച ആശാന്മാരും ആരാണെന്ന് പറയേണ്ടതില്ല. പണ്ട് നബിദിനത്തിന്റെ വാര്ത്ത കൊടുക്കാന് ചെന്നപ്പോള് ‘അത് വല്ല സുന്നി വോയ്സിലോ, മറ്റോ കൊടുത്താളാ’ എന്ന് പറഞ്ഞ് പഴയ ആ നാലുകെട്ടില് നിന്ന് പുഴുത്ത പട്ടിയപ്പോലെ ആട്ടിയ അതേ വലിയമ്മാമന്റെ മക്കള് തന്നെ!
പക്ഷേ വലിയമ്മാമന് അന്ന് കേട്ടിരുന്നോ എന്നറിയില്ല, ഇല്ലെങ്കില് വലിയമ്മാമന്റെ മക്കള് കേട്ടോളൂ. അന്ന് ആ ആട്ട് കേട്ട് ഉള്ളില് തികട്ടിയ വാക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങള് ആ കണ്മതിലുകളില് തന്നെ തട്ടി ചിതറിത്തെറിച്ച് പ്രകമ്പനം കൊണ്ടിരുന്നു. ‘വളരും,വളര്ന്ന് വലിയ ആളാവും,കൈകള്ക്ക് നല്ല കരുത്തുണ്ടാകും,അന്ന് ആരെയും ഭയപ്പെടാതെ തലയുയര്ത്തി നില്ക്കും!'(എം.ടി)
ആ തലയെടുപ്പോടു കൂടിയാണ് ഇപ്പോള് പറയുന്നത്,ഈ കളി നല്ലതിനല്ല.ഒരേ മനസ്സോടെ ഒരൊറ്റ ലക്ഷ്യത്തിനായി ആത്മാര്ത്ഥമായി നീങ്ങുന്ന ഒരു പടയണിയെ മുന്നില് നിന്ന് മുട്ടാളന് പണിയെടുത്ത് അകറ്റരുത്.
നിസ്വാര്ത്ഥരായ പണ്ഡിതന്മാര്ക്ക് ഈ പാര തിരിയാത്തത് കൊണ്ടല്ല ഒന്നും പറയാത്തത്,പറഞ്ഞു വീണ്ടും ഒരു വിള്ളല് വീഴ്ത്തേണ്ട എന്ന് കരുതി മാത്രമാണ്;അതൊരു ദൌര്ഭല്യവുമല്ല.ഉല്ഘാടനത്തിനു പന്ഡിതന്മാര് ഉണ്ടായിരുന്നു എന്നത് അത്കൊണ്ട് തന്നെ ഇവിടെ ന്യായീകരണവുമല്ല
ഇങ്ങനെ നെറികെട്ട കളി കളിക്കുമ്പോള് അവരുടെ’പൊരുത്തക്കേട്’തട്ടുമെന്ന് പറയാന് ഇവിടെ ഉദ്യമിക്കുന്നില്ല.ബധിര കര്ണ്ണങ്ങള്ക്ക് അതും ഒരു തമാശയാകും.പകരം പാരപണിയാന് നിന്നപ്പോള് പാതാളത്തില് പോയ ഒരു പത്രത്തിന്റെ കഥ മാത്രം പറഞ്ഞ് അവസാനിപ്പിക്കാം.
പൌര പ്രഭ ! സി.എം സ്റ്റീഫന് എന്ന കരുത്തനായ പാര്ലമെന്റെറിയന്റെ പത്രം. സ്റ്റീഫന് ഇന്ത്യന് രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു.എ.കെ.ജി യ്ക്ക് ശേഷം ഇന്ത്യന് പാര്ലമെന്റിലെ പ്രതിപക്ഷ നേതാവായ മലയാളി.
മലയാള മനോരമയെ സര് സി.പി യുടെ ഭരണം ഒന്പത് കൊല്ലം പൂട്ടിയിട്ട ശേഷം തുറന്നിട്ടെ ഉള്ളൂ. മനോരമയെ കവച്ചു വെക്കാന് എല്ലാ സാഹചര്യങ്ങളും ഉണ്ട്.നല്ല ഭരണ സ്വാധീനം.മലങ്കര ഓര്ത്തഡോക്സ് സഭയുടെ പിന്തുണ!
പക്ഷെ കഷ്ടകാലത്തിനു പൌരപ്രഭ ഒരു ‘തുഗ്ല്ക്ക്’തീരുമാനം എടുത്തു.കോട്ടയത്ത് നിന്ന് ആസ്ഥാനം മാവേലിക്കരയിലേക്ക് മാറ്റുക.
അവിടെ അച്ചടിച്ചാല് മനോരമയെ അതിജയിക്കാം.മധ്യതിരുവിതാംകൂറില് മൊത്തം പത്രമെത്തിക്കാവുന്നതിനോടൊപ്പം തിരുവനന്തപുരവും അടുത്താവും.തിരുവല്ല,ചെങ്ങന്നൂര്,കോഴഞ്ചേരി തുടങ്ങി മലങ്കര ഓര്ത്തഡോക്സ് സഭയ്ക്ക് വളക്കൂറുള്ള പ്രദേശങ്ങളൊക്കെ തൊട്ടടുത്ത്.ആഞ്ഞു പിടിച്ചാല് മനോരമ അതാ കിടക്കുന്നു ധരണിയില്! ഇതായിരുന്നു കണക്ക് കൂട്ടല്.
സംഭവിച്ചതോ? ഇന്ഫ്രാസ്ട്രക്ചറിനെ പറ്റി സ്റ്റീഫന് ആലോചിച്ചില്ല.പി.ടി ഐ ആയിരുന്നു ഒരേയൊരു വാര്ത്താ സ്രോതസ്സ്.അവര്ക്ക് കോട്ടയത്ത് ഓഫീസ് ഉണ്ട്.അവിടെ ടെലിപ്രിന്ററില് അടിച്ച് കിട്ടുന്ന വാര്ത്തകള് ഓരോ മണിക്കൂര് വിട്ട് പത്രക്കാര് നേരിട്ട് ചെന്ന വാങ്ങുന്ന രീതിയായിരുന്നു. സ്ടീഫന്റെ കണക്കുകൂട്ടലുകള് തെറ്റി.വാര്ത്ത കിട്ടാനുള്ള ബുദ്ധിമുട്ട് ഒരു വശത്ത്.മനോരമയുടെ കുതിപ്പ് മറ്റൊരു വശത്ത്.
അങ്ങനെ മാവേലിക്കരയില് നിന്ന് തുടങ്ങിയ ആദ്യത്തെയും അവസാനത്തെയും പത്രമായി പൌര പ്രഭ! സി എച്ചിന്റെയും മേച്ചേരിയുടെയും ചന്ദ്രികയ്ക്ക് ആ ഗതി വരരുത്.തോല്പ്പിക്കാന് മാത്രം ആലോചിക്കുന്നവര്ക്ക് മറ്റു മുന് പിന് വിചാരങ്ങള് കുറവാകും.അതുണ്ടായിക്കൂടാ.
ഒന്ന് പറഞ്ഞേക്കാം. മണ്ണാര്ക്കാട് വിട്ടാല് അത്ര കണ്ടു സ്വാധീനമില്ലാത്ത നമ്മുടെ പ്രിയ പാര്ട്ടി,പണക്കാരുടെ താല്ക്കാലിക പിന്തുണ മാത്രമാണ് മൂലധനമായി കാണുന്നതെങ്കില്, ഈ നിമിഷവും കടന്നു പോകും, ആ കാലുകള്ക്കും അവരുടെ തന്നെ ശരീരം ഭാരമാകും.ആജ്ഞകള് പോലും അന്ന് താണ സ്വരത്തിലാകും.അന്നീ വാശി ആത്മനിന്ദയ്ക്ക് കാരണമാകാതിരിക്കട്ടെ!
‘പാര’ക്കാട് ഒഴികെ ചന്ദ്രികയുടെ എല്ലാ എഡിഷനും അഭിവാദ്യങ്ങള്!
മിദ്ലാജ് റഹ്മാനി
സത്യധാര ഗള്ഫ് എഡിറ്റര്
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം