കാലവര്‍ഷം: മലപ്പുറം ജില്ലയില്‍ മരണപ്പെട്ടത് 47പേര്‍

കാലവര്‍ഷം: മലപ്പുറം ജില്ലയില്‍ മരണപ്പെട്ടത് 47പേര്‍

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ഈ വര്‍ഷം മെയ് 29 മുതല്‍ ഇതുവരെ ഏഴ് താലൂക്കുകളിലായി 47 മരണപ്പെട്ടു. ഇന്നലെ മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് കൊണ്ടോട്ടി താലൂക്കിലാണ്. 13 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ രണ്ട്, ഏറനാട് 12, തിരൂരങ്ങാടി അഞ്ച്, പെരിന്തല്‍മണ്ണ 2, പൊന്നാനി രണ്ട്, നിലമ്പൂര്‍ 11 എന്നിങ്ങനെയാണ് മരണപ്പെട്ടത്. ഒരാളെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വിവിധ ഘട്ടങ്ങളിലായി 28398 പേരെ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്തി. 25717 പേരെ പോലീസും 2056 ഫയര്‍ ഫോഴ്‌സും 32 പേരെ എന്‍.ഡി.ആര്‍.എഫും 593 പേരെ ആര്‍മിയുമാണ് രക്ഷപ്പെടുത്തിയത്. 2057.92 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. 116 വില്ലേജുകളിലായി 12.5 ലക്ഷം പേര്‍ കെടുതി അനുഭവിക്കുന്നു. നിലമ്പൂര്‍ താലൂക്കിലെ ആകെയുള്ള 21 വില്ലേജുകളിലും പ്രളയക്കെടുതി ബാധിച്ചു. ഏറനാട് താലൂക്കിലെ 23 വില്ലേജിലും കൊണ്ടോട്ടി താലൂക്കിലെ 12 വില്ലേജുകളിലും പെരിന്തല്‍മണ്ണ താലൂക്കിലെ 13 വില്ലേജുകളിലും തിരൂരങ്ങാടി താലൂക്കിലെ 17 വില്ലേജുകളിലും തിരൂര്‍ താലൂക്കിലെ 19 വില്ലേജുകളിലും പൊന്നാനി താലൂക്കിലെ 11 വില്ലേജുകളിലും കാലവര്‍ഷം നാശം വിതച്ചു.
നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ മണ്ണിടിച്ചിലുമുണ്ടായി. 540 വീടുകള്‍ പൂര്‍ണ്ണമായും 4241 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 219475042 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 51 പശുക്കളും 81 ആടുകളും 9242 താറാവുകളും 249759 കാട,കോഴിയും ഒരു പന്നിയും ഒമ്പത് മുയലുകളുമുള്‍പ്പെടെയുള്ളവക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്്. 16043326 രൂപ ഈയിനത്തില്‍ നഷ്ടം കണക്കാക്കുന്നു. 5256.28 ഹെക്ടറിലുണ്ടായ കൃഷി നാശത്തിലൂടെ 11663.99185 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
ഒരു ഘട്ടത്തില്‍ ജില്ലയില്‍ 191 ദുരിതാശ്വാസ ക്യാമ്പുകള്‍ വരെ തുറക്കേണ്ടി വന്നു. ഇപ്പോള്‍ 13 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍, ഏറനാട്, തിരൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പും കൊണ്ടോട്ടി താലൂക്കില്‍ രണ്ടും തിരൂരങ്ങാടിയില്‍ മൂന്നും പൊന്നാനിയില്‍ അഞ്ചും ക്യാമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 13 ക്യാമ്പുകളിലായി 485 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 668 പുരുഷന്‍മാരും, 717 സ്ത്രീകളും 215 ആണ്‍കുട്ടികളും 320 പെണ്‍കുട്ടികളുമടക്കം 1920 പേരാണുള്ളത്.
കാല വര്‍ഷക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ വിവിധ മേഖലകളുടെ പുനര്‍ നിര്‍മ്മാണത്തിനും വീട് പൂര്‍ണമായി നശിച്ചവരുടെ പുനരധിവാസത്തിനും സമ്പൂര്‍ണ്ണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമ ക്യഷ്ണന്‍, ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ എന്നിവരുടെ നേത്യത്വത്തില്‍ മലപ്പുറം ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട എം.എല്‍.എ.മാരുടെ അധ്യക്ഷതിയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും മേഖലയിലെ ഉദ്യോഗസ്ഥന്‍മാരുടെയും യോഗം വിളിക്കും. ആഗസ്ത് 31 നകം കെടുതി അനുഭവിച്ചവരുടെ മുഴുവന്‍ വീടുകളും പരിസരവും വ്യത്തിയാക്കും. അനുയോജ്യരായ മുഴുവന്‍ പേരെയും സ്വന്തം വീടുകളില്‍ തിരിച്ചെത്തിക്കും. വീടുകള്‍ നശിച്ച കേസുകളില്‍ പുനര്‍ നിര്‍മ്മാണം നടക്കുന്നതുവരെ വാടക വീടകളില്‍ താമസിക്കുന്നതിന് ഇവര്‍ക്ക് സൗകര്യം ഉണ്ടാക്കും. വീടുകളില്‍ ഇതിനു അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും കാലവര്‍ഷക്കെടുതിയുടെ ആനുകൂല്യം ലഭിച്ചെന്ന് യോഗം ഉറപ്പാക്കും.
പഞ്ചായത്തുകള്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇതു കോഡീകരിച്ചാവും ജില്ലാ തലത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. കാലവര്‍ഷക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രത്യേക അദാലത്ത് നടത്തി ആയത് പുനസ്ഥാപിച്ചു നല്‍കും.
വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിക്ക് 10,000 രൂപ കുടി നല്‍കും
പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിക്ക് 10000 രൂപ കൂടി അധികമായി നല്‍കും. നേരത്തെ വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25000 രൂപ നല്‍കിയിരുന്നു. വര്‍ഡ് മെമ്പറാണ് ശുചീകരണ കമ്മിറ്റയുടെ അധ്യക്ഷന്‍. കെടുതികളനുഭവച്ചവര്‍ക്ക് അവരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് 3800 രൂപ അനുവദിക്കും.
നാശ നഷ്ടങ്ങള്‍ ഉണ്ടായവര്‍ അപേക്ഷ നല്‍കണം
കെടുതിയനുഭവിച്ചവര്‍ ഇതു സംബന്ധിച്ച കണക്ക് അതത് വില്ലേജ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. കെടുതി അനുഭവിച്ച് ക്യാമ്പുകളില്‍ താമസിച്ചവര്‍ക്ക് മാത്രമെ ആനുകൂല്യം ലഭിക്കൂ എന്ന ധാരണ തെറ്റാണ്. എല്ലാവര്‍ക്കും അപേക്ഷ നല്‍കുന്നതിന് വില്ലേജ് ഓഫിസുകളില്‍ സൗകര്യം ഉണ്ടാവും. ഇതു സംബന്ധിച്ച് കണക്ക് തയ്യാറാക്കുന്നതിന് പ്രത്യേക ടീമിനെ ജില്ലാ കലക്ടര്‍ നിയോഗിക്കും. മുഴുവന്‍ ജന പ്രതിനിധികളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും.
വീടുകള്‍ തകര്‍ന്നവര്‍ക്ക് 10 ലക്ഷം സഹായം നല്‍കും
കാലവര്‍ഷകെ്തടുതിയില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് പുതിയ വീടുകള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വീട് ഒന്നിന് നാല് ലക്ഷവും സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷവും നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ഇത് പാലിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണം. വീടകുള്‍ തകര്‍ന്ന ജില്ലയിലെ മുഴുവന്‍ പട്ടിക വിഭാഗക്കാര്‍ക്കും നിര്‍മ്മിച്ച് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാണന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എ മാരായ എ.പി. അനില്‍കുമാര്‍, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി.വി. അന്‍വര്‍, വി. അബ്ദുറഹിമാന്‍, അഡ്വ.എം. ഉമ്മര്‍, പി.കെ. ബഷീര്‍, പി. ഉബൈദുള്ള, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്.കെ.എന്‍. ഖാദര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.എ.അഹമ്മദ് കബീര്‍, ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!