ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

മലപ്പുറം: ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മസ്ജിദുകളിലും ഈദിഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു.
മസ്ജിദുകളിലും  പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ നടന്നത്. ശേഷം കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍  പ്രത്യേക പ്രാര്‍ഥനകളും നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഭൂരിഭാഗം പള്ളികളിലെ ഇമാമുമാരും വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ശേഷം വീടുകളിലും പ്രത്യേകം തയ്യാറാക്കിയ മറ്റുസ്ഥലങ്ങളിലും മൃഗങ്ങളെ ബലിയര്‍പ്പിച്ചു. ഇതിന്റെ മാംസം പാവപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും വിതരണം ചെയ്തു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ പ്രളയത്തില്‍ ഇരയായവരോടും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയില്‍ ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞു.
വിവിധ സംഘടനകളും സ്ഥാപനങ്ങളും ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഭവസമാഹരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പെരുന്നാള്‍ നമസ്‌ക്കാര ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ബക്കറ്റുപിരുവളും നടന്നു.  കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളുടെ പൊലിമ ചെറിയ രീതിയില്‍ കുറഞ്ഞെങ്കിലും വൈകിട്ടോടെ മലപ്പുറം കോട്ടക്കുന്ന് അടക്കമുള്ള ടൂറസിസ്റ്റ് കേന്ദ്രങ്ങളില്‍ ആളുകളുടെ തിരക്ക് വര്‍ധിച്ചു.  മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കരിമരുന്ന് ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ കുറവായിരുന്നു.

Sharing is caring!