പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഈദ് സന്ദേശം

പാണക്കാട് സയ്യിദ് ഹൈദരലി  ശിഹാബ് തങ്ങളുടെ ഈദ് സന്ദേശം

മലപ്പുറം: നന്മയുടെ മാര്‍ഗത്തില്‍ ത്യാഗംചെയ്യാനുള്ള സന്നദ്ധതയാണ് ബലിപെരുന്നാളിന്റെ ആത്മസത്തയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തില്‍ വിലപ്പെട്ടതായി കരുതുന്നതെന്തും സത്യത്തിനും നന്മക്കുമായി ത്യജിക്കാന്‍ ഹസ്രത്ത് ഇബ്രാഹീം നബി (അ) കാണിച്ച ആദര്‍ശധീരത മാനവസമൂഹത്തിനു മാതൃകയാണ്. പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ അനുബന്ധമായാണ് ഈദുല്‍ അസ്ഹാ എന്ന ബലിപെരുന്നാള്‍ വരുന്നത്. എല്ലാ മനുഷ്യരും ഒരേ ലളിത വേഷത്തില്‍ ഒരേ മന്ത്രങ്ങളുരുവിട്ട് തോളുരുമ്മി നിന്ന് പ്രപഞ്ച നാഥനോട് പ്രാര്‍ത്ഥിക്കുന്ന വേളയാണ് ഹജ്ജ്. മനുഷ്യര്‍ക്കിടയില്‍ വിവേചനങ്ങളില്ല എന്ന് ഹജ്ജ് കര്‍മ്മത്തിലെ ഓരോഘട്ടവും വിളിച്ചോതുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ വിഖ്യാത മനുഷ്യാവകാശ പ്രഖ്യാപനമായ അറഫാ പ്രസംഗം പ്രതിധ്വനിക്കുന്ന സന്ദര്‍ഭമാണിത്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യ വിളംബരം കൂടിയായിരുന്നു പതിനാലുനൂറ്റാണ്ടുമുന്നിലെ ആ പ്രഭാഷണം.
ഇത്തവണ ബലിപെരുന്നാള്‍ കടന്നുവരുന്നത് അത്യന്തം വേദനാജനകവും ആശങ്കാഭരിതവുമായ ഒരന്തരീക്ഷം കേരളജനതയില്‍ തിങ്ങിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്. അപ്രതീക്ഷിതമായെത്തിയ മഹാപ്രളയം നമ്മുടെ നാടിനെ തകര്‍ക്കുകയും പരശ്ശതം മനുഷ്യരുടെ ജീവഹാനിക്കിടയാക്കുകയും ചെയ്തിരിക്കുന്നു. എല്ലാരംഗത്തും പുരോഗതിയിലേക്കു കുതിക്കുകയായിരുന്ന കേരളം ഒരു മഹാദുരന്തത്തിനിരയായിരിക്കുന്നു. സകല ഭിന്നതകളുംമറന്ന് ഒരുമെയ്യായി കൈകോര്‍ത്തു നിന്നാണ് ഈ പ്രതിസന്ധിയില്‍ നിന്നും നാട് രക്ഷതേടിയത്. ഇവിടെ രൂപപ്പെട്ട ഈ ഐക്യം തകരാതെ സൂക്ഷിക്കണം. ഇത്തവണത്തെ പെരുന്നാള്‍ നാടിന്റെയുംസമൂഹത്തിന്റെയും സര്‍വ്വ വേദനകളേയും സാന്ത്വനിപ്പിക്കുന്നതിനുള്ള പുറപ്പാടിന്റേതായിരിക്കണം. എല്ലാ ആഘോഷങ്ങള്‍ക്കും അവധിനല്‍കി ഓരോനിമിഷവും ഓരോ നാണയത്തുട്ടും പ്രാര്‍ത്ഥനാപൂര്‍വം നമ്മുടെ സഹോദരങ്ങളെ ആശ്വസിപ്പിക്കുന്നതിനായി ചെലവഴിക്കണം. സഹായത്തിനാരുമെത്തിയില്ലല്ലോ എന്ന മന:പ്രയാസവും സങ്കടവും ഒരാള്‍ക്കുമുണ്ടാവാന്‍ ഇടവരരുത്. സാമ്പത്തിക ചെലവ് വരുന്ന പരിപാടികളെല്ലാം മാറ്റിവെച്ച് ഇനിയുള്ള ദിവസങ്ങളും ആഴ്ചകളും നമ്മുടെനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിക്കുക. ഇത്തരുണത്തില്‍ ലോകം മുഴുവന്‍ കേരളത്തോടൊപ്പമുണ്ട് എന്നത് അങ്ങേയറ്റം പ്രത്യാശപകരുന്നതാണ്. ആപത്ഘട്ടത്തില്‍ താങ്ങും തലോടലുമായിവന്ന് മനുഷ്യ മഹത്വത്തിന്റെ മഹാമാതൃകകളായിനിന്ന വിവിധ രാഷ്ട്രങ്ങളുടെ സാരഥികള്‍ക്കും നാടിന്റെ ഒരോകോണിലും ആഴ്ചയിലേറെയായി രാപ്പകലില്ലാതെ സ്വയം മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ എല്ലാ സഹോദരങ്ങള്‍ക്കും ഈ സുദിനത്തില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.കരുത്തോടെ പുതുജീവിതത്തിലേക്കും ശോഭനമായ ഭാവിയിലേക്കും പ്രവേശിക്കാന്‍ നാടിനും നാട്ടുകാര്‍ക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്…

Sharing is caring!