ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മലപ്പുറത്തെ ജനങ്ങളും ഭരണകൂടവും മാതൃകയായി

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മലപ്പുറത്തെ ജനങ്ങളും ഭരണകൂടവും മാതൃകയായി

മലപ്പുറം: ദുരിതബാധിതരെ സഹായിക്കാന്‍ അവധിയില്ലാതെ പ്രയത്‌നിച്ച് മലപ്പുറത്തുകാര്‍. വിവിധ ക്യാംപുകളിലേക്കും അയല്‍ ജില്ലയിലേക്കും നല്‍കുന്നതിന് സാധനങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ച് പാക്ക് ചെയ്യുന്നതിന് നിരവധി പേരാണ് മലപ്പുറം സിവില്‍ സേ്റ്റഷനില്‍ ഇന്നലെ എത്തിയത്. വിവിധ വകുപ്പുകളിലെ ജീവനക്കാരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ഒത്തൊരുമിച്ചാണ് സാധനങ്ങള്‍ പാക്ക് ചെയ്തത്. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി കെ.പ്രതീഷ് കുമാര്‍, അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ് എന്നിവരെല്ലാം മേല്‍നോട്ടത്തിന് എത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്നലെ വസ്തുക്കള്‍ എത്തി. ക്യാംപുകളില്‍ നിന്നും മടങ്ങുന്നവര്‍ക്ക് നല്‍കുന്നതിന് അരിയും പലവ്യജ്ഞനം അടക്കമുള്ള സാധനങ്ങളാണ് പാക്കുകളിലുള്ളത്. അഞ്ച് ലോഡ് സാധനങ്ങള്‍ തൃശൂരിലേക്കും ഇന്നലെ നല്‍കി. രാത്രി വൈകിയും സന്നദ്ധ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന തിരക്കിലാണ്. ആള്‍ ഇന്ത്യ വിജയബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, എം.ജീജ, ചെമ്മങ്കടവ് പി.എസ്.എം.എ.എച്ച്.എസ്.എസ്, ഡോ. ബിജി, നിപിന്‍, സുബിന്‍, വിഷ്ണു, സുരേഷ്, പോസ്റ്റ് ഓഫീസ് സുപ്രണ്ട്. അബൂബക്കര്‍, താനൂര്‍ ബ്ലോക്കിലെ യൂത്ത്
ക്ലബ്ബുകള്‍, മുഹമ്മദ് ഹനീഫ, നെടിയിരുപ്പ് റോഡ് കോളനികൂട്ടായ്മ, ശിവ് ഗണേഷ് ഗ്രൂപ്പ്, തമിഴ്‌നാട് തിരുച്ചിറപള്ളി ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവരാണ് ഇന്നലെ കൂടുതല്‍ സഹായം എത്തിച്ചത്.

Sharing is caring!