ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ മലപ്പുറം കലക്ടറുടേയും മലപ്പുറം എസ്.പിയുടേയും ഭാര്യമാരും എത്തി

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ മലപ്പുറം കലക്ടറുടേയും മലപ്പുറം എസ്.പിയുടേയും ഭാര്യമാരും എത്തി

മലപ്പുറം: പ്രളയെക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും ഭാര്യമാരെത്തി. ജില്ലാ കലക്ടര്‍ അമിത് മീണയുടെ ഭാര്യ സംയുക്ത, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ ഭാര്യ റോളി ചൗഹാന്‍ തുടങ്ങിയവരാണ് വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. ജില്ലാ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു കളക്ടറുടെ ഭാര്യ ആദ്യമായി സന്ദര്‍ശിച്ചത്. പിന്നീട് കൊണ്ടോട്ടി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ചെറുകാവ് വൈദ്യരങ്ങാടി എച്ച്.എസ്.എസ്, പുളിക്കല്‍ അരൂര്‍ എം.എല്‍.പി.എസ്, ചെറുമറ്റം പി.ടി.എം എ.എം.യു.പി.എസ് തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. ക്യാമ്പിലുള്ളവര്‍ക്കൊപ്പം അല്‍പ്പസമയം ചെലവഴിച്ചാണ് ഇവര്‍ മടങ്ങിയത്.

അവധിയില്ലാതെ മലപ്പുറം

ദുരിതബാധിതരെ സഹായിക്കാന്‍ അവധിയില്ലാതെ പ്രയത്‌നിച്ച് മലപ്പുറത്തുകാര്‍. വിവിധ ക്യാംപുകളിലേക്കും അയല്‍ ജില്ലയിലേക്കും നല്‍കുന്നതിന് സാധനങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ച് പാക്ക് ചെയ്യുന്നതിന് നിരവധി പേരാണ് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ഇന്നലെ എത്തിയത്. വിവിധ വകുപ്പുകളിലെ ജീവനക്കാരും എന്‍എസ്എസ് വളന്റിയര്‍മാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ഒത്തൊരുമിച്ചാണ് സാധനങ്ങള്‍ പാക്ക് ചെയ്തത്. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി കെ. പ്രതീഷ് കുമാര്‍, അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ് എന്നിവരെല്ലാം മേല്‍നോട്ടത്തിന് എത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്നലെ വസ്തുക്കള്‍ എത്തി. ക്യാംപുകളില്‍ നിന്നും മടങ്ങുന്നവര്‍ക്ക് നല്‍കുന്നതിന് അരിയും പലവ്യജ്ഞനം അടക്കമുള്ള സാധനങ്ങളാണ് പാക്കുകളിലുള്ളത്. അഞ്ച് ലോഡ് സാധനങ്ങള്‍ തൃശൂരിലേക്കും ഇന്നലെ നല്‍കി. രാത്രി വൈകിയും സന്നദ്ധ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന തിരക്കിലാണ്.
ആള്‍ ഇന്ത്യ വിജയബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, എം ജീജ,
ചെമ്മങ്കടവ് പിഎസ്എംഎഎച്ച്എസ്എസ്, ഡോ. ബിജി, നിപിന്‍, സുബിന്‍, വിഷ്ണു, സുരേഷ്, പോസ്റ്റ് ഓഫീസ് സുപ്രണ്ട്. അബൂബക്കര്‍, താനൂര്‍ ബ്ലോക്കിലെ യൂത്ത്
ക്ലബ്ബുകള്‍, മുഹമ്മദ് ഹനീഫ, നെടിയിരുപ്പ് റോഡ് കോളനികൂട്ടായ്മ, ശിവ് ഗണേഷ് ഗ്രൂപ്പ്, തമിഴ്‌നാട് തിരുച്ചിറപള്ളി ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവരാണ്
ഇന്നലെ കൂടുതല്‍ സഹായം എത്തിച്ചത്.

ക്യാംപുകളില്‍
അവശ്യവസ്തുക്കളുടെ
ലഭ്യത ഉറപ്പു വരുത്തണം

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാചക വാതകം, കുടിവെള്ളം, മരുന്നുകള്‍ എന്നിവ യഥാസമയം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസറായ പാട്ടീല്‍ അജിത് ഭഗവത് റാവു ഐ എ എസ് (സര്‍വ്വേ ഡയറക്ടര്‍) വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.
ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഭുമിക്ക് വിള്ളലുണ്ടായ സ്ഥലങ്ങളില്‍ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധന നടത്തും. ഊര്‍ങ്ങാട്ടിരി വില്ലേജിലെ വെസ്റ്റ് ചാത്തല്ലൂരിലെ മൂന്ന് സ്ഥലങ്ങളിലും അമരമ്പലം വില്ലേജിലെ രണ്ടു സ്ഥലങ്ങളിലുമാണ് പുതുതായി വിള്ളലുണ്ടായിട്ടുള്ളത്. ഇവിടങ്ങളില്‍ വിശദമായ പഠനം അനിവാര്യമാണെന്ന് ജിയോളജിസ്റ്റ് കെ. ഇബ്രാഹിം കുഞ്ഞ് യോഗത്തില്‍ അറിയിച്ചു. ഇനിയും ശക്തമായ മഴയുണ്ടെങ്കില്‍ ഇവിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടി വരും.
272 അംഗനവാടികള്‍ മഴക്കെടുതിയില്‍ തകര്‍ന്നിട്ടുണ്ട്. ഈ അംഗന്‍വാടികള്‍ തൊട്ടടുത്ത സ്‌കൂളുകളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കും. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവരെ പകരം സംവിധാനം ഉണ്ടാകുന്നതു വരെ ക്യാംപുകളില്‍ താമസിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
അടിയന്തിര ആവശ്യങ്ങള്‍ക്കായി കൃഷി വകുപ്പിന് അഞ്ചുകോടി രൂപ അനുവദിച്ചു.
അവലോകന യോഗത്തില്‍ എഡിഎം വി രാമചന്ദ്രന്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, മേജര്‍ ഖുശ്‌വ, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, പി പ്രസന്നകുമാരി, തിരൂര്‍ ആര്‍.ഡി.ഒ മോബി, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, ദുരന്തനിവാരണവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!