മഴ കുറഞ്ഞു, ഭീതി കുറയാതെ മലപ്പുറം

മഴ കുറഞ്ഞു, ഭീതി കുറയാതെ മലപ്പുറം

മലപ്പുറം: ജില്ലാ ആസ്ഥാനത്ത് മഴ കുറഞ്ഞു. പക്ഷേ നഗരം ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കേത്തലയിലെ വ്യാപാര സ്ഥാപനങ്ങളിലും, താലൂക്ക് ആശുപത്രിയിലുമടക്കം വെള്ളം കയറി. പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള റൂട്ടിലും ഗതാഗത തടസമുണ്ട്. തിരൂര്‍ റൂട്ടിലും ഗതാഗതം സുഗമമല്ല.

മഴ തോര്‍ന്നതാണ് മലപ്പുറത്ത് ഇന്ന് ആശ്വാസമാകുന്നത്. പക്ഷേ പുഴയിലെ ജലത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലായെന്നതും, മഴ മേഘങ്ങള്‍ പൂര്‍ണമായും അകന്നിട്ടില്ലാ എന്നതും ആശങ്ക പരത്തുന്നുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകളുടേയും, സന്നദ്ധ സംഘടനകളുടേയും, സര്‍ക്കാര്‍ ഏജന്‍സികുളുടേയും സഹായം നഗരത്തില്‍ ലഭ്യമാണ്.

ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്കായി റസ്റ്ററന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണമുണ്ട്. വൈദ്യുതി ബന്ധം പല ഭാഗത്തും ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. ജില്ലാ ആസ്ഥാനത്ത് മാത്രമാണ് വൈദ്യുതി കാര്യമായി മുടങ്ങാത്തത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സംഘത്തെ കെ എസ് ആര്‍ ടി സി ബസില്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചു.

Sharing is caring!