ദുരന്തത്തില്‍ വിറങ്ങലിച്ച് മലപ്പുറം ,മരണസംഖ്യ കൂടുന്നു

ദുരന്തത്തില്‍ വിറങ്ങലിച്ച് മലപ്പുറം ,മരണസംഖ്യ കൂടുന്നു

മലപ്പുറം: മഴക്കാലകെടുതിയില്‍ വിറങ്ങലിച്ച് മലപ്പുറം ജില്ല. ജില്ലയില്‍ ഇന്നലെ 24മണിക്കൂറിനിടെ നഷ്ടമായത് 14 ജീവനുകളാണ്. പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കില്‍ ഒരാളും കൊണ്ടോട്ടി താലൂക്കില്‍ 12 പേരുമാണ് മരണപ്പെട്ടത്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഐക്കരപ്പടി കൈതക്കുണ്ടയില്‍ കുടുംബത്തിലെ മൂന്ന് പേരും പെരിങ്ങാവില്‍ ഒമ്പത് പേരുമാണ് മരണപ്പെട്ടത്. കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 29 മുതല്‍ ഇന്നലെ വരെ 38 പേരാണ് മരിച്ചത്.ഒരാളെ കാണാതായിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
1805.288 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 155 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 138 വില്ലേജുകളിലായി 3451 പേരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 38 വീടുകള്‍ പൂര്‍ണ്ണമായും 643 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 208.99 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ മാത്രം കണക്കാക്കുന്നു. ഇതുവരെ 2338 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. കൃഷി നശിച്ചതിലൂടെ 64.55 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 45 ബോട്ടുകള്‍ തകര്‍ന്നതിലൂടെ 7.5 കോടിയുടെ നഷ്ടവുമാണ്ടായി.
ഇന്നു ഊര്‍ങ്ങാട്ടിരിയില്‍ മാത്രമുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചു. 11 പേരെ കാണാനില്ല. സുന്ദരന്‍, സരോജിനി, മാധ, മാധയുടെ മകന്‍ പ്രേമന്‍, ഉണ്ണികൃഷ്ണന്‍, പ്ലസ്ടു വിദ്യാര്‍ഥിനിയും ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ അമ്പിളി, അമ്പിളിയുടെ സഹോദരി ശിഥില എന്നിവരാണ് മരിച്ചത്.
നെല്ലിയായി കോളനിയില്‍ മണ്ണിടിച്ചിലില്‍ നാലു വീടുകള്‍ പൂര്‍ണമായി ഒഴുകിപ്പോയി. കനത്ത മഴയും കാറ്റും വെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്. കരസേനാ, പൊലിസ്, നാട്ടുകാര്‍ ഇരുനൂറോളം പേര്‍ ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലിലാണ്.

നെല്ലിയായിക്കു സമീപമുള്ള ആനപ്പാറ കോളനിയല്‍ രാവിലെ ഒന്‍പത് മണിക്ക് വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതോടെ 53 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. അരീക്കോട്, തിരുപറമ്പ് പഞ്ചായത്തിലുമായി വേറെയും 2000 വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്.

Sharing is caring!