ജിദ്ദ കെ.എം.സി.സി സിഎച്ച് സെന്ററുകള്‍ക്ക് 37ലക്ഷം രൂപ നല്‍കി

ജിദ്ദ കെ.എം.സി.സി  സിഎച്ച് സെന്ററുകള്‍ക്ക് 37ലക്ഷം രൂപ നല്‍കി

മലപ്പുറം: ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സിഎച്ച് സെന്ററുകള്‍ക്കായി ഈ വര്‍ഷത്തെ സഹായ ധനമായി 37 ലക്ഷം രൂപ നല്‍കി. പാണക്കാട് നടന്ന ചടങ്ങില്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് തുക കൈമാറിയത്. കോഴിക്കോട്, മഞ്ചേരി, തളിപ്പറമ്പ്, കൊണ്ടോട്ടി എന്നീ സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ ചടങ്ങില്‍ വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഫണ്ടുകള്‍ ഏറ്റുവാങ്ങി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ രോഗികള്‍ക്കായി രണ്ടര കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഡോര്‍മെന്ററി സെന്ററിന്റെ
ഒന്നാം നില നിര്‍മാണത്തിന് ആവശ്യമായ 60 ലക്ഷം രൂപ ജിദ്ദ കെ.എം.സി.സിയാണ് നല്‍കുന്നത്. ഇതിനുള്ള രണ്ടാം ഘട്ട സഹായമായ 20 ലക്ഷം രൂപയാണ് ഇന്ന് നല്‍കിയത്.

മഞ്ചേരി സി എച്ച് സെന്ററിന്റെ വിപുലീകരണത്തിനായി ഭൂമി വാങ്ങുന്നതിലേക്ക് ജിദ്ദ കെ.എം.സി.സി യുടെ വിഹിതമായ 10 ലക്ഷം രൂപ അഡ്വ.എം.ഉമ്മര്‍ എംഎല്‍എ ഏറ്റുവാങ്ങി. കണ്ണൂര്‍ തളിപ്പറമ്പ് സി.എച്ച് സെന്ററില്‍ ജിദ്ദ കെ.എം.സി.സി പുതുതായി ഏറ്റെടുക്കുന്ന പദ്ധതിക്കുള്ള അഡ്വാന്‍സ് വിഹിതമായ 4 ലക്ഷം രൂപ തളിപ്പറമ്പ് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ മുസ്സ തളിപ്പറമ്പും, കൊണ്ടോടിയില്‍ ജിദ്ദ കെ.എം.സി.സി ഏറ്റെടുത്ത പദ്ധതിക്കുളള രണ്ടാംഘട്ട സഹായമായ 3 ലക്ഷം രൂപ കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്റ് എളമരം ജബ്ബാര്‍ ഹാജിയും ഏറ്റുവാങ്ങി.

തിരുവനന്തപുരം സി.എച്ച് സെന്ററിന് വേണ്ടി നിര്‍മ്മിച്ച 12 നില റിലീഫ് ടവറിന്റെ ഒന്നാം നില നിര്‍മാണത്തിനുള്ള 55 ലക്ഷം രൂപ നല്‍കിയത് ജിദ്ദ കെ.എം.സി.സിയാണ്. കേരളത്തില്‍ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്ററുകളിലൊക്കെ ജിദ്ദ കെ.എം.സി.സി വിവിധ നിര്‍മ്മാണ പദ്ധതികള്‍ ഇതിനകം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മഞ്ചേരി സി.എച്ച് സെന്ററിന്റെ ആസ്ഥാന മന്ദിര നിര്‍മാണത്തിലും കോഴിക്കോട് സി.എച്ച് സെന്റര്‍ ഡയാലിസിസ് സെന്റര്‍ അടക്കമുള്ള വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ വലിയ സഹായങ്ങള്‍ നല്‍കിയ ജിദ്ദ കെ.എം.സി.സി തൃക്കരിപ്പൂര്‍, ആലപ്പുഴ, മണ്ണാര്‍ക്കാട്, മലപ്പുറം, നിലമ്പൂര്‍, മങ്കട, തിരൂര്‍ എന്നിവിടങ്ങളിലെ സി.എച്ച് സെന്ററുകള്‍ക്കും മുമ്പ് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
അടുത്ത വര്‍ഷം എറണാകുളത്തും ആലപ്പുഴയിലും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാവപെട്ടവര്‍ക്കുള്ള ബൈതുറഹ്മാ നിര്‍മ്മാണത്തിലും രോഗികളെ സഹായിക്കുന്ന സി.എച്ച് സെന്ററുകള്‍ക്ക് സഹായം നല്‍കുന്നതിലും ഹജ്ജ് സേവനങ്ങളിലും മുന്നിട്ട് നില്‍ക്കുന്ന ജിദ്ദ കെ.എം.സി.സി യുടെ പ്രവര്‍ത്തനം എന്നും എല്ലാവര്‍ക്കും മാതൃകയാണെന്ന് ഫണ്ട് ഏറ്റുവാങ്ങി സംസാരിച്ച ഹൈദരലി ശഹാബ് തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, അഡ്വ.ഉമ്മര്‍ എംഎല്‍എ, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റര്‍, പി.കെ.അലി അക്ബര്‍, പി.ടി മുഹമ്മദ്, പാഴേരി കുഞ്ഞിമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

വി.പി.അബ്ദുറഹ്മാന്‍, ഇസ്മായീല്‍ മുണ്ടക്കളം, എ.കെ.ബാവ, ഷൗക്കത്ത് ഞാറക്കോടന്‍, സി.കെ.ശാകിര്‍, സി.ടി.മുനീര്‍, വഹാബ് കോട്ടക്കല്‍, അന്‍വര്‍ കൊടുവള്ളി, കബീര്‍ മോങ്ങം, കെഎന്‍എ. ലത്തീഫ്, കെസി.ശിഹാബ്, നാസര്‍ മമ്പുറം, ലത്തീഫ് ബാബു, മൂസ്സ കൊട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.

Sharing is caring!