വലിയ വിമാനവും ഹജ് സര്‍വീസും ഇനി കരിപ്പൂരില്‍, എല്ലാംതീരുമാനമായി

വലിയ വിമാനവും ഹജ് സര്‍വീസും ഇനി കരിപ്പൂരില്‍, എല്ലാംതീരുമാനമായി

മലപ്പുറം: വലിയ വിമാനങ്ങളുടെ സര്‍വീസും അടുത്ത വര്‍ഷം മുതല്‍ കരിപ്പൂര്‍ വിമാനത്തവളരത്തില്‍നിന്നുതന്നെ ഹജ് സര്‍വീസ് നടത്താന്‍ തീരുമാനം.
ഇതുസംബന്ധിച്ചുകേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണാന്താനം കേന്ദ്രന്യൂനപക്ഷമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച്ച നടത്തിയാണ് തീരുമാനിച്ചത്. കേന്ദ്രന്യൂനപക്ഷമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ച്ചക്ക് ശേഷം അല്‍ഫോന്‍സ് കണ്ണാന്താനം പറഞ്ഞു. കരിപ്പൂര്‍ വിമാനത്തവളം അടച്ചസമയത്താണ് ഹജ് സര്‍വീസ് നെടുമ്പാശേരിയിലേക്ക് മാറ്റിയിരുന്നത്. ഹജ് യാത്രക്കാരുടെ 80ശതമാനവും മലബാറുകാരായതിനാല്‍ സര്‍വീസ് തിരിച്ച് കരിപ്പൂരിലെത്തുന്നത് ഏറെ ആശ്വാസകരമാകും.

ഇതിന് പുറമെ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതി പൂര്‍ത്തിയായതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മലബാറിലെ യുഡിഎഫ് എംപിമാരുടെ നിവേദക സംഘത്തെ അറിയിച്ചു. എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുള്‍ വഹാബ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ഇതോടെ പ്രവാസികളുടെ ഏറെക്കാലത്തെ മോഹമായ ജിദ്ദ സെക്ടറിലേക്ക് കരിപ്പൂരില്‍ നിന്ന് വീണ്ടും വലിയ വിമാനങ്ങള്‍ പറന്നുയരുമെന്നുറപ്പായി

കരിപ്പൂരില്‍ 2015 ഏപ്രില്‍ 30ന് റണ്‍വേ റീ-കാര്‍പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കുന്നത്. ജനപ്രതിനിധികളുടേയും, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കാനായത്. സൗദി എയര്‍ലെന്‍സിനാണ് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് വലിയ വിമാനം പറത്താന്‍ അനുമതി ലഭിച്ചത്. എയര്‍ഇന്ത്യയും സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുബായിലേക്ക് സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്‌സ് അനുമതിക്കായി ഇതുവരെ എത്തിയിട്ടില്ല.
മലബാറിലെ 11.5 ലക്ഷം സൗദി യാത്രക്കാരുടെയും ഉംറ, ഹജ്ജ് തീര്‍ഥാടകരുടേയും പ്രതീക്ഷയായിരുന്നു കരിപ്പൂര്‍-ജിദ്ദ, റിയാദ് മേഖലയിലേക്കുളള സര്‍വീസുകള്‍. അനുമതി ലഭിക്കുന്നതോടെ വലിയ വിമാനങ്ങളുടെ ആദ്യസര്‍വീസും ജിദ്ദയിലേക്കായിരിക്കും. വലിയ വിമാനങ്ങള്‍ നിര്‍ത്തിയതോടെ ജിദ്ദയിലേക്കുളള 70 ശതമാനം യാത്രക്കാരും കൊച്ചി വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. എയര്‍ഇന്ത്യ 2002 മുതലും സൗദി എയര്‍ലെന്‍സ് 2009 മുതലാണ് കരിപ്പൂരില്‍ ജിദ്ദ, റിയാദ് മേഖലയിലേക്ക് സര്‍വീസ് തുടങ്ങിയത്. ഇവ പിന്നീട് 2015 മേയ് മുതല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

Sharing is caring!