20000 രൂപ ചെലവുള്ള കൃത്രിമപല്ല് താലൂക്ക് ആശുപത്രിയില്‍ 1500 രൂപക്ക്

മലപ്പുറം: ചെലവേറിയ ദന്ത ചികിത്സ ഇനി കുറഞ്ഞ ചെലവില്‍ ചെയ്യാം. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പുതിയ ദന്ത ലാബ് വന്നതോടെയാണ് സൗകര്യം ഒരുങ്ങിയത്. ദന്ത ലാബിന്റെ ഉദ്ഘാടനം പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. നവീകരിച്ച ദന്തല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്വകാര്യ ആശുപത്രികളില്‍ 15000 മുതല്‍ 20000 വരെ ചെലവ് വരുന്ന കൃത്രിമ പല്ലിന് ആശുപത്രിയില്‍ ശരാശരി 1500 രൂപയാണ് ഈടാക്കുക.

ദേശീയ ആരോഗ്യ ദൗത്യം, ആര്‍എസ്ബിവൈ, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ച ദന്തല്‍ ക്ലിനിക്കും ദന്ത ലാബും ഒരുക്കിയത്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു ഡന്റല്‍ മെക്കാനിക്കിനെ നിയമിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ദന്തല്‍ ക്ലിനിക്കില്‍ രണ്ട് ഡോക്ടര്‍മാരാണ് നിലവിലുള്ളത്. ഒരു ഡോക്ടര്‍ കൂടെ ഉടന്‍ ചുമതലയേല്‍ക്കും. രോഗികള്‍ക്ക് ആവശ്യമായ അളവിലുള്ള പല്ലുകള്‍ എണ്ണത്തിനനുസരിച്ച് ആശുപത്രിയില്‍ നിര്‍മിച്ച് നല്‍കും.

നഗരസഭ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്ഥിരം സമിതി അധ്യക്ഷരായ റജീന ഹുസൈന്‍, പരി മജീദ്, പിഎ സലീം, കൗണ്‍സിലര്‍മാരായ പാര്‍വതികുട്ടി ടീചര്‍, കെകെ മുസ്തഫ, വത്സല ടീചര്‍, കെ വി ശശികുമാര്‍, ഹാരിസ് ആമിയന്‍, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. രാജഗോപാല്‍, എച്ച്എംസി അംഗങ്ങളായ ഉപ്പൂടന്‍ ഷൗക്കത്ത്, ബാലകൃഷ്ണന്‍, നൗഷാദ് കളപ്പാടന്‍ എന്നിവര്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *