പൊതുജനങ്ങളോട് മോശമായി പെരുമാറിയ മലപ്പുറത്തെ വില്ലേജ് ഓഫീസ് ജീവനക്കാരനെ സ്ഥലം മാറ്റി

പൊതുജനങ്ങളോട്  മോശമായി പെരുമാറിയ മലപ്പുറത്തെ വില്ലേജ് ഓഫീസ്  ജീവനക്കാരനെ സ്ഥലം മാറ്റി

മലപ്പുറം: പൊതുജനങ്ങളോട് മോശമായി പെരുമാറുകയും അഴിമതി നടത്തുകയും ചെയ്യുന്നുവെന്ന പരാതിയില്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ സ്ഥലം മാറ്റി. കലക്ടറേറ്റിലെ പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ജൂലൈയില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. പൊതുജനങ്ങളോട് മോശമായി പെരുമാറുന്നുവെന്നും കൈകൂലി ആവശ്യപ്പെടുന്നു വെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെ താക്കീത് ചെയ്യുകയും ചെയ്തു.
ഒമ്പത് പരാതികളാണ് ഇത്തവണ ലഭിച്ചത്. കാവനൂര്‍ പഞ്ചായത്തിലെ റോഡ് കയ്യേറിയത് സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അഴിമതി നിവാരണ സമിതി നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് നേരത്തെയും പരാതി ലഭിച്ചിരുന്നു. തിരുവാലി പഞ്ചായത്തില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കടക്കാരനെതിരെ അന്വേഷണം നടത്താന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. അനധികൃത മണല്‍കടത്ത് സംബന്ധിച്ച് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കരുളായി പഞ്ചായത്തില്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നില്ലെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടാനും സമിതി തീരുമാനിച്ചു.

എല്ലാ മാസവും ആദ്യത്തെ പ്രവൃത്തി ദിവസമാണ് പരാതിപ്പെട്ടി തുറക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതി സംബന്ധിച്ച പരാതികള്‍ നല്‍കാനാണ് പെട്ടി സ്ഥാപിച്ചിരിക്കുന്നതെങ്കിലും മറ്റു പരാതികളും ലഭിക്കാറുണ്ട്. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും തുടര്‍നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്യും. പരാതി പരിശോധിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ അഴിമതി നിവാരണ സമിതി അംഗങ്ങളായ മുന്‍ ജില്ലാ ജഡ്ജി പി. നാരായണന്‍കുട്ടി, ഹുസൂര്‍ ശിരസ്തദാര്‍ വിജയ സേനന്‍, ജൂനിയര്‍ സൂപ്രണ്ട് സിജി സാനി എന്നിവര്‍ പങ്കെടുത്തു.

Sharing is caring!