യതീംഖാനകളുടെ ഇരട്ട രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍നിയമം കൊണ്ടുവരണം: സമസ്ത കോഡിനേഷന്‍ കമ്മിറ്റി

യതീംഖാനകളുടെ ഇരട്ട രജിസ്ട്രേഷന്‍  ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍നിയമം കൊണ്ടുവരണം: സമസ്ത കോഡിനേഷന്‍ കമ്മിറ്റി

മലപ്പുറം: 1960 ലെ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റിള്‍സ് ഹോംസ് (സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത യതീംഖാനകളെ 2015ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനു നിയമനിര്‍മ്മാണം നടത്തണമെന്നു സമസ്ത കോഡിനേഷന്‍ കമ്മിറ്റി.
ജെ.ജെ ആക്ട് രജിസ്ട്രേഷനെതിരെ സമസ്ത സുപ്രിംകോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടത്തില്‍ ഉണ്ടായ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിനെ മലപ്പുറം സുന്നി മഹലില്‍ നടന്ന യതീംഖാന ഭാരവാഹികളുടെ കണ്‍വന്‍ഷന്‍ സ്വാഗതം ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യതീംഖാനകളെക്കൂടി ഏകോപനം ലക്ഷ്യമാക്കി അടുത്തമാസം കോഴിക്കോട്ട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

കണ്‍വന്‍ഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത യതീംഖാന കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖവും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സുപ്രിംകോടതി വിധി വിശദീകരണവും നടത്തി. കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി സൈനുദ്ദീന്‍, മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ ജലീല്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എ. റഹ് മാന്‍ ഫൈസി, പി.വി മുഹമ്മദ് മൗലവി, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, അഡ്വ. അബൂസിദ്ദീഖ്, കെ.എച്ച് ശറഫുദ്ദീന്‍ മൗലവി, അഡ്വ. പി.പി ആരിഫ് സംസാരിച്ചു. ജന. കണ്‍വീനര്‍ കെ.ടി കുഞ്ഞിമാന്‍ ഹാജി സ്വാഗതവും ഹമീദ് ഹാജി കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. സമസ്ത സുപ്രീംകോടതിയില്‍ നടത്തിയ കേസില്‍ കക്ഷി ചേര്‍ന്ന സ്ഥാപനങ്ങളും സംസ്ഥാനത്തെ വിവിധ യതീംഖാനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

Sharing is caring!