കള്ളവാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രലേഖകരെ കുറിച്ച് എന്താണ് പറയുകയെന്ന് മന്ത്രി കെ.ടി ജലീല്‍

കള്ളവാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രലേഖകരെ കുറിച്ച് എന്താണ് പറയുകയെന്ന് മന്ത്രി കെ.ടി ജലീല്‍

 

മലപ്പുറം: മന്ത്രി കെ.ടി.ജലീലിനും ഭാര്യ ഫാത്തിമക്കുട്ടിക്കും 1.10 കോടിയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്ന് വാര്‍ത്തകളില്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് 11 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി മാത്രമേ ഉള്ളൂ എന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. 1.10 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി മനോരമയുടെ അത്ഭുത സിദ്ധിയാണെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ എത്രയും വേഗം ജനങ്ങളിലെത്തിക്കാനുള്ള തത്രപ്പാടില്‍ മുന്‍പിന്‍ നോക്കാതെ, പൊതുപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളവാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രലേഖകരെ കുറിച്ച് എന്താണ് പറയുക എന്നും മന്ത്രി കെ.ടി ജലീല്‍ ചോദിക്കുന്നു.

കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

11ലക്ഷത്തെ 1.10കോടിയാക്കിയത്
‘മനോരമ’യുടെ അല്‍ഭുത സിദ്ധിയെന്ന്

വടകര തങ്ങള്‍ ആനയെ തുമ്മിയ ഒരു കഥയുണ്ട്. വാര്‍ത്തയറിഞ്ഞ ഒരു പാവം നാട്ടിന്‍പുറത്തുകാരന്‍ ‘തങ്ങളു’ടെ അല്‍ഭുത സിദ്ധി നേരില്‍ കാണാന്‍ കൊണ്ടോട്ടിയില്‍ നിന്ന് പുറപ്പെട്ടുവെത്രെ. രാമനാട്ടുകരയിലെത്തി കാര്യം തിരക്കിയപ്പോള്‍ ആനയല്ല കറുത്ത ഒരു പോത്താണെന്നാണ് അവിടുത്തുകാര്‍ കേട്ടിരുന്നതെന്നറിഞ്ഞു. കാപ്പാടെത്തി അന്വേഷിച്ചപ്പോള്‍ പോത്തല്ല കറുത്ത ഒരാടാണെന്നാണത്രെ അവിടെ പ്രചരിച്ചിരുന്നത്. കൊയിലാണ്ടിയിലെത്തിയപ്പോള്‍ അതൊരു കറുത്ത പൂച്ചയായി. പയ്യോളിയിലെത്തിയപ്പോഴാണ് അറിഞ്ഞത് അതൊരു കാക്കയാണെന്ന് . വടകരയിലെത്തി കാര്യം തിരക്കിയപ്പോള്‍ മനസ്സിലായത് ആനയും പോത്തുമൊന്നുമല്ല ചോറിന്റെ കറുത്ത ഒരു വറ്റാണ് തങ്ങള്‍ തുമ്മിയപ്പോള്‍ തെറിച്ചിരിക്കുന്നതെന്നാണ്. ഈ പഴങ്കഥ ഇപ്പോള്‍ ഓര്‍ത്തത് എന്റെ ഇന്‍ഷൂറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട മനോരമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോഴാണ് .

എനിക്കും ഭാര്യക്കും കൂടി ഒരു കോടി പത്ത് ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്ന് ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു. ഞാനറിയാതെ എന്റെ കുടുംബത്തെ സഹായിക്കാന്‍ മനോരമ ലേഖകന്‍ മാസം തോറും തൊണ്ണൂറായിരത്തിലേറെ രൂപ പ്രീമിയമടച്ച് 1.10 കോടി രൂപയുടെ പോളിസി തുടങ്ങിക്കാണുമെന്ന് കരുതി സന്തോഷിച്ചു. വിവരമറിയാന്‍ ശ്രമിച്ചപ്പോഴാണ് എന്റെയും ഭാര്യയുടെയും പേരില്‍ 5.5 ലക്ഷത്തിന്റെ രണ്ട് പോളിസികള്‍ എന്നുള്ളത് ദശാംശം ശ്രദ്ധിക്കാതെ, കാര്യങ്ങള്‍ എത്രയും വേഗം ജനങ്ങളിലെത്തിക്കാനുള്ള തത്രപ്പാടില്‍ മുന്‍പിന്‍ നോക്കാതെ ‘അന്വേഷണാത്മക’ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പാവം ലേഖകന്‍ 5.5 എന്നുള്ളത് 55 ആണെന്ന് കരുതി 11 ലക്ഷത്തിന് പകരം 1.10 കോടിയാക്കി വാര്‍ത്ത കൊടുത്തതെന്ന് മനസ്സിലായത്. മറ്റു മന്ത്രിമാരുടെ കാര്യത്തിലും പോയിന്റ് വിട്ടാണ് വാര്‍ത്ത കൊടുത്തിരിക്കുകയെന്നാണ് മനസ്സിലാകുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി സോഷ്യല്‍ മീഡിയ അതേറ്റു പിടിച്ച് ട്രോളുകളുടെ പെരുമഴയും തീര്‍ത്തു കൊണ്ടിരിക്കുന്നു.

പൊതുപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ കള്ളവാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രലേഖകരെ കുറിച്ച് എന്താണ് പറയുക? കേവലമൊരു കയ്യബദ്ധമായി കാണേണ്ടതാണോ ഇത്തരം വാര്‍ത്തകള്‍? തെറ്റിയെഴുതിയ പത്രം തൊട്ടടുത്ത ദിവസം ചരമക്കോളത്തിന് താഴെ തിരുത്ത് കൊടുത്തേക്കാം. അപ്പോഴേക്ക് ‘വ്യാജന്‍’ എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞിരിക്കും. പരമാവധി മാനക്കേട് ബന്ധപ്പെട്ടവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വരുത്തിയിട്ടുമുണ്ടാകും. ഇതിന്റെ ന്യായാന്യായതകള്‍ പരിശോധിക്കപ്പെടേണ്ടതല്ലേ ?

Sharing is caring!