പോലീസിനെകണ്ട് ഭയന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
എടപ്പാള്‍: മണല്കടത്തുന്നതിനിടയില് പോലീസിന്റെ വാഹന പരിശോധന കണ്ട് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു.
തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മന്‍സൂറിനൊപ്പം പുറത്തൂര്‍ അത്താണിപ്പടി സ്വദേശി ഉമര്‍ഷാദും പുഴയിലേക്ക് ചാടിയിരുന്നു. ഇയാള്‍ പിന്നീട് നീന്തി രക്ഷപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ ചമ്രവട്ടം പാലത്തിനു സമീപമാണ് സംഭവം. പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ വന്ന മണല്‍ ലോറിയില്‍ നിന്നും ഡ്രൈവറും,ക്ലീനറും പുഴയില്‍ ചാടുകയായിരുന്നു.
തിരൂര്‍കാവിലക്കാട് ഭാഗത്ത് നിന്നും മണല്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന ലോറി ജീവനക്കാരാണ് പൊന്നാനി ചമ്രവട്ടം പാലത്തില്‍ വെച്ച് പുഴയിലേക്ക് എടുത്തു ചാടിയത്. പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന ചമ്രവട്ടം അത്താണിപ്പടി സ്വദേശി ഉമര്‍ഷാദ് (24)ഇന്നലെ തന്നെ നീന്തി രക്ഷപ്പെട്ടിരുന്നു.
തിരൂര്‍ എസ്.എച്ച്.ഒ.സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ ചമ്രവട്ടത്ത് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോയാണ് സംഭവം. കാവിലക്കാട് ഭാഗത്ത് നിന്നും മണലുമായി ലോറിയില്‍ വരികയായിരുന്ന ഇരുവരും ചമ്രവട്ടം ബസ്സ്റ്റോപ്പ് പാലത്തില്‍ വെച്ച് പൊലീസിനെ കണ്ടതോടെ സ്പീഡില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്ന്നെത്തി. പാലത്തില്‍ വെച്ച് പൊലീസുകാര്‍ ജീപ്പില്‍ നിന്നും ഇറങ്ങുമ്പോഴേക്കും ഇരുവരും പാലത്തിന്റെ ജലം സംഭരിച്ച് നിര്‍ത്തുന്ന വടക്ക് ഭാഗത്തേക്ക് ചാടി.
ഒഴുക്കില്‍പ്പെട്ട് കാണാതായ മന്‍സൂറാണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്. തുടര്‍ന്ന് ഉമര്‍ഷാദും പുഴയിലേക്ക് ചാടി. വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിച്ചതിനാലും ഷട്ടറുകള്‍ തുറന്നതിനാലും ഇരുവരും പാലത്തിന്റെ തെക്കുഭാഗത്തേക്ക് ഒഴുകിപ്പോയി. പാലത്തിനടയിലെ കല്ലില്‍ പിടിച്ചു നിന്ന ഉമര്‍ഷാദ് പിന്നീട് തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറുകയായിരുന്നു. മന്‍സൂറും കല്ലില്‍ പിടിച്ചു നിന്നെന്ന് രക്ഷപ്പെട്ട ഉമര്‍ഷാദ് പറഞ്ഞിരുന്നു. പിന്നീട് മന്‍സൂറിനെ കാണാതാവുകയായിരുന്നു. യുവാക്കള്‍ പുഴയില്‍ ചാടിയത് കണ്ടിട്ടും പൊലീസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ലോറിയുമായി പോയെന്ന് ആരോപിച്ച് നാട്ടുകാര്‍ ഏറെനേരം പൊലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]