ചേകനൂര്‍ മൗലവിയെ കാണാതായിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്

ചേകനൂര്‍ മൗലവിയെ  കാണാതായിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്

മലപ്പുറം: 25 വര്‍ഷം മുന്‍പ് മഴ തൂങ്ങിനില്‍ക്കുന്ന രാത്രിയിലാണ് ഒരുസംഘം ആളുകള്‍ ചേകനൂര്‍ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. മൗലവിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്താന്‍ വര്‍ഷങ്ങളുടെ അന്വേഷണം വേണ്ടിവന്നു. ആ കൂട്ടിക്കൊണ്ടുപോകലിന് ഇന്ന് 25 വര്‍ഷമാകുമ്പോള്‍ മൃതദേഹംപോലും കിട്ടിയില്ലെന്ന വിഷമം മാത്രമല്ല കുടുംബത്തിന്. 25 വര്‍ഷത്തിനിപ്പുറവും പ്രതികള്‍ക്കെല്ലാം ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള പോരാട്ടം തുടരുകയാണ് അവര്‍.

കോളിളക്കമുണ്ടാക്കിയ കേസിലെ ഒന്‍പതു പ്രതികളില്‍ ഒരാളെ മാത്രം ഇരട്ടജീവപര്യന്തത്തിനു ശിക്ഷിച്ചു. മറ്റുള്ളവര്‍ക്കെതിരെ തെളിവുണ്ടായിരുന്നില്ല. വിധിക്കെതിരെ കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലും നടപടി വൈകുകയാണ്. ചേകനൂര്‍ മൗലവി (58) എന്ന ചേകനൂര്‍ പി.കെ.അബുല്‍ ഹസ്സന്‍ മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനായ ചേകന്നൂര്‍ മൗലവി മതഗ്രന്ഥങ്ങളുടെ വേറിട്ട വ്യാഖ്യാനമാണു നടത്തിയത്.

1993 ജൂലൈ 29ന് ആണ് എടപ്പാള്‍ കാവില്‍പ്പടിയിലെ വീട്ടില്‍നിന്ന് ചേകനൂര്‍ മൗലവിയെ രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവന്‍ സാലിം ഹാജിയും പൊന്നാനി പൊലീസില്‍ പരാതി നല്‍കി. ഓഗസ്റ്റ് 16ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്റ്റ് രണ്ടിനു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 2000 നവംബര്‍ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. ഒന്‍പതു പ്രതികളുണ്ടായിരുന്ന കേസില്‍ 2010 സെപ്റ്റംബര്‍ 29ന് ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചു.

ഇറക്കിക്കൊണ്ടുപോകല്‍, കൊലപാതകം, മൃതദേഹം മറവുചെയ്യല്‍, മറവുചെയ്തിടത്തുനിന്നു മാറ്റല്‍ എന്നിങ്ങനെ നാലു സംഘങ്ങളായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നെന്ന് സാലിം ഹാജി പറയുന്നു.

മതപഠന ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ രണ്ടുപേര്‍ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേര്‍ കൂടി വാഹനത്തില്‍ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കല്‍ ചുവന്നകുന്നിനോടു ചേര്‍ന്നുള്ള ആന്തിയൂര്‍കുന്നില്‍ കുഴിച്ചിട്ടു. പിന്നീട് മൃതദേഹം മാറ്റിയെന്നാണ് കണ്ടെത്തല്‍. കേസ് ഡയറി കാണാനില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്, തെളിവുകള്‍ ൈകകാര്യം ചെയ്യുന്നില്‍ വന്ന വീഴ്ച, വ്യക്തമായ സൂചനകള്‍ പോലും പ്രയോജനപ്പെടുത്താതിരുന്ന സിബിഐ നിലപാട്… ഇങ്ങനെ പല ഘടകങ്ങളും വിധി പ്രതികള്‍ക്ക് അനുകൂലമാക്കിയെന്ന് കേസ് നടത്തിപ്പിനു വേണ്ടി ഓടിനടക്കുന്ന സാലിം ഹാജി പറഞ്ഞു.

ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകം
സല്‍മ ഇഖ്ബാല്‍(ചേകനൂര്‍ മൗലവിയുടെ മകള്‍)

വലിയ സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമായിരുന്നു അത്. ഉപ്പയുടെ മൃതദേഹം കണ്ടെടുക്കാത്തതില്‍ വിഷമമുണ്ട്. ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തില്‍ പങ്കാളികളായവര്‍ നിയമത്തിന്റെ പിടിയില്‍നിന്നു വഴുതിപ്പോയതും വലിയ വിഷമമാണ്. ഉപ്പയെ കാണാതാകുമ്പോള്‍ എനിക്ക് 25 വയസ്സാണ്. അത്രയും കാലം പിന്നെയും ജീവിച്ചിട്ടും കേസ് നടപടികള്‍ തുടരുകയാണ്

Sharing is caring!